- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മുംബൈയിലെ മീരാ റോഡിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; നിയമവിരുദ്ധ കെട്ടിടങ്ങളും കൈയേറ്റങ്ങളും 'ബുൾഡോസർ' ഉപയോഗിച്ച് ഇടിച്ചുതകർത്ത് അധികൃതർ
മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ മുംബൈയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെ ബുൾഡോസർ പ്രയോഗവുമായി സർക്കാർ. കലാപശ്രമത്തിന് പിന്നാലെ മുംബൈയിലെ മീരാ റോഡ് പ്രാന്തപ്രദേശത്തെ നിയമവിരുദ്ധ കെട്ടിടങ്ങളും കൈയേറ്റങ്ങളും പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കലാപകാരികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മീരാ ഭായിന്ദർ മുനിസിപ്പൽ കോർപ്പറേഷന്റെ ബുൾഡോസർ നടപടി.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ഉൾപ്പെടെ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു. പ്രദേശത്തെ 15 കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് പൊലീസ് പറഞ്ഞു. അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠയുടെ തലേന്ന് നയാ നഗറിൽ സംഘടിപ്പിച്ച റാലിക്കിടെ രണ്ട് സമുദായങ്ങളിൽപ്പെട്ടവർ പരസ്പരം ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിന് പറഞ്ഞു.
പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതുവരെ 13 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഫഡ്‌നവിന് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മഹാരാഷ്ട്രയിൽ ക്രമസമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ സർക്കാർ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരാണ് കേസിൽപ്പെടുന്നവരുടെ വീടുൾപ്പെടെയുള്ള അനധികൃത നിർമ്മാണം ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കാൻ ആരംഭിച്ചത്. വിവിധ കേസുകളിലെ പ്രതികൾക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസ് ഈ രീതി പിന്തുടരുന്നു.
മറുനാടന് ഡെസ്ക്