കൊൽക്കത്ത: മകളെ റോഡിൽ നിർത്തി ജീവനൊടുക്കാനായി പാലത്തിനുമുകളിൽ കയറിയ 40കാരനെ ബിരിയാണിയും ജോലിയും വാഗ്ദാനംചെയ്ത് തിരിച്ചിറക്കി കൊൽക്കത്ത പൊലീസ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് 40-കാരൻ കൊൽക്കത്തയിലെ പാലത്തിനുമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. യുവാവിന്റെ ഭീഷണിയും പൊലീസിന്റെ അനുനയ ശ്രമങ്ങളും മൂലം അരമണിക്കൂറോളമാണ് സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടത്.

മൂത്തമകളുമായി സയൻസ് സിറ്റിയിലേക്ക് ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ഇയാൾ പാലത്തിന് മുകളിൽവെച്ച് പെട്ടെന്ന് വാഹനം നിർത്തുകയായിരുന്നു. മൊബൈൽ ഫോൺ എവിടെയോ വീണുപോയെന്നും അത് തിരയട്ടെയെന്നും ഇദ്ദേഹം മകളോട് പറഞ്ഞു. തുടർന്ന് മകളെ റോഡിൽ നിർത്തിയശേഷം പാലത്തിന് മുകളിലേക്ക് കയറുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ കൊൽക്കത്ത പൊലീസിന്റെ ദുരന്തനിവാരണ സംഘവും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തേക്കെത്തി. പിതാവിന്റെ പ്രശ്നങ്ങൾ എന്താണെന്ന് മകളോട് ചോദിച്ചു മനസ്സിലാക്കിയ പൊലീസ് സംഘം, പാലത്തിനുമുകളിൽനിന്ന് ഇയാളെ താഴെയിറക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു.

ഉദ്യോഗസ്ഥർ ഇയാളോട് സംസാരിച്ചെങ്കിലും താഴെയിറങ്ങാൻ ഇയാൾ തയ്യാറായില്ല. ഒടുവിൽ ബിരിയാണിയും ജോലിയും വാഗ്ദാനം ചെയ്തതോടെയാണ് ഇയാൾ താഴെയിറങ്ങാൻ സമ്മതിച്ചത്.

താഴെ റെയിൽവേ ട്രാക്കായിരുന്നതിനാൽ പാലത്തിൽനിന്ന് ഇയാൾ ചാടിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയതും ബിസിനസിലുണ്ടായ സാമ്പത്തിക നഷ്ടവുംമൂലം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഇദ്ദേഹമെന്നാണ് പൊലീസ് പറയുന്നത്.