- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിയെ വഞ്ചിച്ചവരെ വരുന്ന തിരഞ്ഞെടുപ്പിൽ ജനം തൂത്തെറിയും: ഉദ്ധവ് താക്കറെ
മുംബൈ: ശിവസേനയെ പിളർത്തി മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെക്കും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രൂക്ഷവിമർശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. പാർട്ടിയെ വഞ്ചിച്ചവരെ അടുത്ത തിരഞ്ഞെടുപ്പിൽ തൂത്തെറിയുമെന്ന് പാർട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തിൽ നാസിക്കിൽ നടത്തിയ കൂറ്റൻ പാർട്ടി സമ്മേളനത്തിൽ ഉദ്ധവ് പറഞ്ഞു.
ശ്രീരാമൻ ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല. ബിജെപിയിൽ നിന്നു ശ്രീരാമനെ മുക്തനാക്കണം. രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു. ഇനി, തന്റെ സർക്കാർ 10 വർഷത്തിനിടെ ചെയ്ത കാര്യങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും എന്തെന്ന് പ്രധാനമന്ത്രി വിവരിക്കണം. ലോകരാജ്യങ്ങളിൽ കറങ്ങിനടക്കുന്ന പ്രധാനമന്ത്രി തന്റെ ആദ്യത്തെ സർക്കാരിന്റെ കാലത്ത് അയോധ്യയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
മോദി പ്രധാനമന്ത്രിയാകാൻ വലിയ തോതിൽ പ്രചാരണവും പ്രവർത്തനവും നടത്തിയിട്ടുള്ള പാർട്ടിയാണ് തന്റേത്. ഇപ്പോൾ തനിക്കൊപ്പമുള്ളവരെ അവർ വേട്ടയാടുന്നു. ജനം ഇതെല്ലാം കാണുന്നുണ്ട്. മൂന്നു പതിറ്റാണ്ടോളം ബിജെപിയുമായി കൈകോർത്തിട്ടും താൻ 'ബിജെപി വാസി' ആയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് അടുത്തിടെ സഖ്യത്തിലായ കോൺഗ്രസിന് തന്റെ ആശയങ്ങളെ കീഴ്പ്പെടുത്താൻ കഴിയുകയെന്നും ഉദ്ധവ് ചോദിച്ചു.
തന്റെ പിതാവ് വളർത്തിയെടുത്ത പാർട്ടിയെയാണ് ചിലർ നശിപ്പിക്കാൻ ശ്രമിച്ചത്. ചതിയന്മാർക്ക് ശിവസൈനികർ മറുപടി നൽകും. പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും വലിയ കുംഭകോണങ്ങൾ അപ്പോൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.