- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹമോചന കേസ് കോടതിയിൽ; അദ്ധ്യാപികയായ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു; പത്രഫോട്ടോഗ്രാഫറുടെ പരാതിയിൽ അന്വേഷണം
മംഗളൂരു: വിവാഹമോചന കേസ് നടക്കുന്നതിനിടെ ബണ്ട്വാളിൽ അദ്ധ്യാപികയായ ഭാര്യയും സുഹൃത്തായ സഹപ്രവർത്തകനും ചേർന്ന് തന്നെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പത്രഫോട്ടോഗ്രാഫറുടെ പരാതിയിൽ അന്വേഷണം. പ്രമുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫറായ കിഷോർ കുമാർ എന്നയാളാണ് ഭാര്യ ശുഭയും സഹപ്രവർത്തകൻ ശിവപ്രസാദ് ഷെട്ടിയും തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി ബോലാർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശുഭയും കിഷോറും തമ്മിലുള്ള വിവാഹമോചന കേസിന്റെ നടപടിക്രമങ്ങൾ കോടതിയിൽ നടക്കുകയാണ്. ഇതിനിടെ മെൽക്കറിലെ സാറാ ആർക്കേഡിലുള്ള അപ്പാർട്ട്മെന്റ് ഒഴിയണമെന്ന് കിഷോറിനോട് ശുഭ ആവശ്യപ്പെട്ടിരുന്നു.
23ന് കിഷോർ അപ്പാർട്ട്മെന്റിലെത്തിയപ്പോൾ, ശുഭയും ശിവപ്രസാദ് ഷെട്ടിയും മറ്റ് രണ്ടു പേരുമെത്തി ഉടൻ അപ്പാർട്ട്മെന്റ് വീട് ഒഴിയണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ ശുഭയ്ക്കൊപ്പമെത്തിയ സംഘം കിഷോറിനെ മർദ്ദിച്ചു. പിന്നാലെ സംഘം ഇന്നോവ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കിഷോർ തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് ശിവപ്രസാദ് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതെന്ന് കിഷോറിന്റെ പരാതിയിൽ പറയുന്നു.
2008ലാണ് ശുഭയും കിഷോറും തമ്മിൽ വിവാഹിതരായത്. തന്റെ പേരിലുള്ള ഇതേ അപ്പാർട്ട്മെന്റിലാണ് കുടുംബസമേതം വർഷങ്ങളോളം താമസിക്കുന്നതെന്നും കിഷോർ പറഞ്ഞു. ഇതിനിടെയാണ് ശിവപ്രസാദുമായി ശുഭ സൗഹൃദബന്ധം സ്ഥാപിക്കുന്നത്. ശിവപ്രസാദുമായുള്ള ബന്ധത്തെ ചൊല്ലി ശുഭയുമായി തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് 2021 മെയ് 13നാണ് കുടുംബ കോടതിയിൽ ശുഭ വിവാഹമോചനത്തിന് അപേക്ഷിച്ചത്.
എന്നാൽ, കിഷോർ ഹൈക്കോടതിയിൽ നിന്ന് ഇതിന് സ്റ്റേ വാങ്ങി. പിന്നീടാണ് അപ്പാർട്ട്മെന്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശുഭ കിഷോറിനെതിരെ വീണ്ടും പരാതി നൽകിയത്. ഈ കേസും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ശുഭയും സംഘവും തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത്.
മറുനാടന് ഡെസ്ക്