- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി ജീവനക്കാരി വന്ദനയുടെ കൊലപാതകം: കാമുകൻ പിടിയിൽ

പൂണെ: ഹോട്ടൽ മുറിയിൽ ഐടി ജീവനക്കാരിയായ യുവതിയെ കാമുകൻ വെടിവച്ചു കൊലപ്പെടുത്തി. പൂണെയിലാണ് സംഭവം. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി (26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് ലഖ്നൗ സ്വദേശിയായ ഋഷഭ് നിഗം എന്ന യുവാവിനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചവാഡി മേഖലയിലെ ടൗൺ ഹൗസ് ഹോട്ടലിലാണ് കൊല നടന്നത്.
കഴിഞ്ഞ പത്തു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൂണെ പൊലീസ് പറഞ്ഞു. വന്ദനയെ കാണാൻ പൂണെയിൽ എത്തിയതായിരുന്നു ഋഷഭ്. ജനുവരി 25 മുതൽ ഇരുവരും സംഭവം നടന്ന ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. സമീപ കാലത്തെ വന്ദനയുടെ സ്വഭാവത്തിൽ ഋഷഭിന് സംശയങ്ങൾ തോന്നിയതിനാൽ കൊല്ലണമെന്ന ഉദേശത്തോടെയാണ്, പ്രതി പൂണെയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10 മണിയോടെ വന്ദനയെ വെടിവച്ച് കൊന്ന ശേഷം ഋഷഭ് ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നത് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കൊലപാതകത്തിന് ശേഷം ഋഷഭ് മുംബൈയിലേക്ക് രക്ഷപ്പെട്ടു. എന്നാൽ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മുംബൈയിൽ എത്തിയ ഋഷഭിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വന്ദനയുടെ മൃതദേഹം കണ്ടെത്തിയ ഹോട്ടൽ മുറി അന്വേഷണത്തിന്റെ ഭാഗമായി സീൽ ചെയ്തെന്നും കൊല്ലാൻ ഉപയോഗിച്ച തോക്ക് ഋഷഭിന് എവിടെ നിന്ന് ലഭിച്ചുവെന്നത് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

