ന്യൂഡൽഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പതിനഞ്ച് സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 27-ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 15-നാണ് നാമനിർദേശിക പത്രിക നൽകാനുള്ള അവസാന തീയ്യതി.

13 സംസ്ഥാനങ്ങളിലെ 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയും രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങൾ ഏപ്രിൽ മൂന്നിന് വിരമിക്കുകയും ചെയ്യുന്നതിനെ തുടർന്ന് ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഢ്, ഒഡിഷ, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്ണവ്, ഭുപേന്ദ്ര യാദവ്, മൻസുഖ് മാണ്ഡവ്യ, നാരായൺ റാണെ, പർഷോത്തം രുപാല, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.