അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതോടെ ഭക്തജനപ്രവാഹം തുടരുകയാണ്. ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് ഇവിടെ എത്തുന്നത്. ഇതിനിടെ ഇന്ത്യയിൽ നിന്നും വിശ്വാസികളുടെ ഒഴുക്ക് മുതലാക്കാനുള്ള ശ്രമത്തിലാണ് അയോധ്യയിലെ ഹോട്ടലുകൾ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്ക്‌പ്പെട്ട ഒരു ഹോട്ടൽ ബില്ല് ഇതിന് തെളിവു നൽകുന്നു. Govind Pratap Singh എന്ന എക്‌സ് ഉപയോക്താവാണ് ഹോട്ടൽ ബില്ലിന്റെ ചിത്രം പങ്കുവച്ചത്. ബില്ല് പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. 'അയോധ്യ ശബരി കിച്ചൺ. ഒരു ചായ 55 രൂപ, ഒരു ടോസ്റ്റ് 65 രൂപ. ഇത് രാമന്റെ പേരിലുള്ള കൊള്ള, കഴിയുമെങ്കിൽ കൊള്ളയടിക്കുക.'

ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം മൂന്നേ മുക്കാൽ ലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് കണ്ടത്. എക്‌സിലെ കുറിപ്പ് വളെ വേഗം സാമൂഹിക മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു. അയോധ്യ ഡവലപ്പ്‌മെന്റ് അഥോറിറ്റിയുടെ കീഴിലാണ് ഇന്ന് അയോധ്യ നഗരം. വിവാദമായ ബില്ല് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അയോധ്യ ഡവലപ്പ്‌മെന്റ് അഥോറിറ്റി (എഡിഎ) നടപടിയുമായെത്തി. റെസ്റ്റോറന്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് അധികൃതർ അറിയിച്ചു.

അതേ സമയം യുപി സർക്കാർ ബജറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു കപ്പ് ചായയും രണ്ട് കഷണം ടോസ്റ്റും 10 രൂപയ്ക്ക് നൽകാനുള്ള കരാറിലാണ് റെസ്റ്റോറന്റിന് അനുമതി നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സർക്കാറിന്റെ ബജറ്റിലുൾപ്പെടുത്തി അയോധ്യയിൽ വലിയ പദ്ധതികൾക്കാണ് യോഗി സർക്കാർ തയ്യാറെടുക്കുന്നത്.

പുതിയ രാമക്ഷേത്രത്തിനടുത്തുള്ള തെഹ്രി ബസാറിൽ എഡിഎ പുതുതായി നിർമ്മിച്ച ബഹുനില വാണിജ്യ കെട്ടിടമായ അരുന്ധതി ഭവനിലാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള കവാച്ച് ഫെസിലിറ്റി മാനേജ് മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റെസ്റ്റോറന്റെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തത വരുത്താൻ എഡിഎ റെസ്റ്റോറന്റിന് നിർദ്ദേശം നൽകി.

ഇല്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ബില്ല് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും വലിയ ഹോട്ടലുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് ഞങ്ങൾ നൽകുന്നതെന്നും അഥോറിറ്റിയുടെ നോട്ടീസിന് മറുപടി നൽകിയെന്നും ശബാരി രസോയ് റെസ്റ്റോറന്റിന്റെ പ്രോജക്ട് ഹെഡ് സത്യേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.