- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടരമാസത്തോളം നീണ്ട 'വേനൽക്കാല'ത്തിന് വിട; കശ്മീരിൽ ഇനി മഞ്ഞുകാലം
കശ്മിർ: രണ്ടരമാസത്തോളം നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് കശ്മീരിന്റെ ഉയർന്ന പ്രദേശങ്ങളിൽ വീണ്ടും മഞ്ഞ് വീഴ്ച തുടങ്ങി. ഇതോടെ ഒരിടവേളയക്ക് ശേഷം കശ്മീരിലേക്ക് വീണ്ടും വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. ഗുൽമാർഗ്, പഹൽഗാം, സോന്മാർഗ്, ഗുരെസ്, മച്ചിൽ, കർണ്ണ ദൂദ്പത്രി, ഷോപ്പിയാൻ എന്നീ പ്രദേശങ്ങളിലാണ് ഇപ്പോൾ മഞ്ഞുവീഴ്ചയുള്ളതായി റിപ്പോർട്ടുകളുള്ളത്.
ശൈത്യകാലം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കശ്മീരിൽ മഞ്ഞുവീഴ്ച കുറഞ്ഞത് കടുത്ത ആശങ്കയ്ക്കിടയാക്കിയിരുന്നു. വിനോദസഞ്ചാരത്തെയും ഇത് നല്ല രീതിയിൽ ബാധിച്ചു. മഞ്ഞില്ലാതായതോടെ സഞ്ചാരികൾ കൂട്ടമായി കശ്മീർ യാത്രകൾ ഒഴിവാക്കിയിരുന്നു. ഈ സ്ഥിതി തുടർന്നാൽ കശ്മീരിലെ ജനജീവിതം ഉൾപ്പടെ പ്രതിസന്ധിയിലാവുമെന്ന ആശങ്കയും ഉയർന്നു. മഞ്ഞുവീഴ്ചയില്ലാതായതിനാൽ, താഴ്വരയിലൊന്നാകെ സാധാരണയേക്കാൾ തണുത്ത രാത്രികളും ചൂടുള്ള പകലുകളുമാണ് അനുഭവപ്പെട്ടിരുന്നത്.
മഞ്ഞ് വീഴ്ച ആരംഭിച്ചതോടെ താഴ്വരയിൽ പലയിടത്തും കാലാവസ്ഥയിലും മാറ്റങ്ങളുണ്ടായി. ശ്രീനഗർ നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസാണ്. പഹൽഗാം, ഖാസിഗുണ്ട്, ഗുൽമാർഗ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയ്ത്ത് ശേഷം താപനിലയിൽ കാര്യമായ മാറ്റമുണ്ടായി. അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായതോടെ നിലവിൽ കശ്മീരിലെ വിവിധ പ്രദേശങ്ങളിലുള്ള സഞ്ചാരികൾ ആവേശത്തിലായി. ഇവർ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.
കശ്മീരിൽ നിലവിൽ 'ചില്ല-ഇ-കലൻ' എന്നറിയപ്പെടുന്ന ശീതകാലമാണ്. 40 ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ ശീതകാലം പൊതുവെ വളരെ പ്രയാസമേറിയതാണ്. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചവരെ താഴ്വരയിൽ മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഞ്ഞുവീഴ്ച തുടരുമെന്ന വാർത്ത കൂടുതൽ വിനോദസഞ്ചാരികളെ ഈ സീസണിൽ കശ്മീരിലേക്ക് ആകർശിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ടൂറിസം പ്രവർത്തകരും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള അവധിദിനങ്ങൾ ആഘോഷിക്കാൻ കശ്മീരിലേക്ക് സഞ്ചാരികൾ കൂട്ടത്തോടെ ഒഴുകിയെത്തി. ഗുൽമാർഗ്, പഹൽഗാം, സോന്മാർഗ്, ഗുരെസ്, മച്ചിൽ, കർണ്ണ ദൂദ്പത്രി, ഷോപ്പിയാൻ എന്നിവയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇടയ്ക്കിടെ മഞ്ഞുവീഴുന്നതായി റിപ്പോർട്ടുകളുണ്ട്.
ശ്രീനഗർ നഗരത്തിന്റെ ചില ഭാഗങ്ങളിൽ നേരം പുലരുന്നതിന് മുമ്പ് നേരിയ ചാറ്റൽമഴ പെയ്തെങ്കിലും അതിനു ശേഷം വെയിൽ വന്നു. നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് ആണ്. പഹൽഗാം, ഖാസിഗുണ്ട്, ഗുൽമാർഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുടെ തുടക്കത്തോടെ താപനിലയിൽ വ്യതിയാനങ്ങൾ അനുഭവപ്പെട്ടു.
മഞ്ഞു വീണതോടെ, ചരിത്രപ്രസിദ്ധമായ മുഗൾ റോഡിലൂടെയുള്ള മനോഹരമായ ശൈത്യകാല വിസ്മയഭൂമിയായ ദക്സമിലും വിനോദസഞ്ചാരികൾ നിറഞ്ഞു. മഞ്ഞുമൂടിയ പർവതങ്ങളുടെയും ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന പൈൻ മരങ്ങളുടെയും കാഴ്ച വളരെ മനോഹരമായി ഇവിടെ ആസ്വദിക്കാം.
ഷോപിയാൻ ഭാഗത്തെ അവസാന ഗ്രാമമായ ഹീർപോരയിൽ ഏകദേശം 3 മുതൽ 4 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായി. ഒഡീഷ, പഞ്ചാബ്, ഗുജറാത്ത്, എൻസിആർ എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ വിനോദസഞ്ചാരികളെ കാശ്മീരിലേക്ക് ആകർഷിക്കുന്ന ശൈത്യകാലം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ മഞ്ഞുവീഴ്ചയാണിത്. എന്നിരുന്നാലും പീർ കി ഗലി പർവതത്തിൽ കാര്യമായ മഞ്ഞുവീഴ്ചയെത്തുടർന്ന് അധികൃതർ മുഗൾ റോഡ് അടച്ചതിനാൽ വിനോദസഞ്ചാരികൾക്കു ഹീർപോരയ്ക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യാനായില്ല. അനന്തനാഗ് ജില്ലയിലെ സിന്തൻ ടോപ്പിലേക്കും ഒട്ടേറെ വിനോദസഞ്ചാരികൾ ഒഴുകിയെത്തി.
കശ്മീരിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ താപനില ഫ്രീസിങ് പോയിന്റിനും താഴെയാണ്. ജലാശയങ്ങളും പൈപ്പുകളിലെ വെള്ളവുമെല്ലാം ഐസായി മാറിയ നിലയിലാണ്. മഞ്ഞുവീഴ്ചയില്ലാതായതിനാൽ, താഴ്വരയിലൊന്നാകെ സാധാരണയേക്കാൾ തണുത്ത രാത്രികളും ചൂടുള്ള പകലുകളുമാണ് അനുഭവപ്പെട്ടത്.
'ചില്ല-ഇ-കലൻ' ജനുവരി 31 ന് അവസാനിക്കും. അതിനുശേഷമുള്ള, 20 ദിവസത്തെ 'ചില്ല-ഇ-ഖുർദ്', 10 ദിവസത്തെ 'ചില്ല-ഇ-ബച്ച' എന്നീ സമയങ്ങളിലും തണുപ്പ് തുടരും. ഫെബ്രുവരി ആദ്യവാരം വരെ താഴ്വരയിലെ മിക്ക സ്ഥലങ്ങളിലും നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാർ പദ്ധതിയായ ഗുൽമാർഗ് ഗൊണ്ടോളയാണ് കശ്മീരിലെ മഞ്ഞുകാലം ഏറ്റവും ഏറ്റവും ആകർഷകമാക്കുന്ന വിനോദങ്ങളിൽ ഒന്ന്. കഴിഞ്ഞ കൊല്ലം, സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായ നവംബറിൽ തന്നെ ഗുൽമാർഗിലേക്ക് സഞ്ചാരികൾ എത്തി.
കഴിഞ്ഞ വർഷം, ഡിസംബർ വരെയുള്ള സമയത്ത് ഒരു ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഗൊണ്ടോള സവാരി ആസ്വദിച്ചതായാണ് കണക്ക്. ഇത് ഗൊണ്ടോള സവാരി നടത്തുന്ന ജെ & കെ കേബിൾ കാർ കോർപ്പറേഷന് 108 കോടി രൂപയിലധികം വരുമാനം നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന റോപ്പ് വേയും, 14,000 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയർന്ന ഓപ്പറേറ്റിങ് കേബിൾ കാറുമാണ് ഗുൽമാർഗ് ഗൊണ്ടോള.