ചണ്ഡീഗഡ്: ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ഷാർപ്പ് ഷൂട്ടറായ അധോലോക സംഘാഗം വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഹരിയാണയിലെ യമുനാനഗർ ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് നിരവധി അക്രമങ്ങളിൽ പ്രതിയായ രാജന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹത്തിന്റെ നിരവധി ഭാഗങ്ങൾ നഷ്ടമായ നിലയിലായിരുന്നു.

ലഡ്വ സ്വദേശിയായ രാജൻ കുടുംബവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. വിവാഹിതനായ ഇയാൾക്ക് ഒരു കുട്ടിയുണ്ട്. രാജന്റെ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗ്യാങ്സ്റ്റർ ദേവീന്ദർ ബംബിഹ ഏറ്റെടുത്തു. ഗായകൻ സിദ്ധു മൂസാവാലയുടെയും രജ്പുത് നേതാവ് സുഖ്‌ദേവ് സിങ് ഗോഗാമെഡിയുടെയും കൊലപാതകങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ ബാംബിഹ ചൂണ്ടിക്കാട്ടുന്നുണ്ട്.

മൂസാവാല 2022-ലും ഗോഗാമെഡി 2023 ഡിസംബറിലുമായിരുന്നു വെടിയേറ്റ് മരിച്ചത്. ലോറൻസ് ബിഷ്ണോയിയുമായും ഗോൾഡി ബ്രാറുമായും അടുത്ത ബന്ധമുള്ള രോഹിത് ഗൊദാരയായിരുന്നു ഈ രണ്ടുകേസിലും പ്രതി.