ബെംഗളൂരു: കർണാടകയിൽ സ്‌കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലായിരുന്നു സംഭവം. അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണൽ സൊസൈറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കവതഗി ഗ്രാമത്തിൽ നിന്ന് മടങ്ങവെയായിരുന്നു സംഭവം. 13-നും 17-നും ഇടയിൽ പ്രായമായ കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.