ചെന്നൈ: ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് സംഭവം. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചുമാസം ഗർഭിണിയായിരുന്ന വളർമതി (19)യാണ് കൊല്ലപ്പെട്ടത്. വെമ്പാർപ്പട്ടിയിൽ നിന്നുള്ള പാണ്ഡ്യനാണ്(24) കൊലയാളി. ഇരുവരുടെയും വിവാഹം 8 മാസം മുമ്പായിരുന്നു. ദിണ്ടിഗലിൽ നിന്ന് പൊന്നാമരാവതിയിലക്ക് സർക്കാർ ബസിൽ ഇരുവരും സഞ്ചരിക്കവേയാണ് സംഭവം. പിൻസീറ്റിലായിരുന്നു ഇരുവരും ഇരുന്നത്. വളർമതിയുടെ അച്ഛൻ സമ്മാനമായി നൽകുന്ന ഇരുചക്രവാഹനം സ്വീകരിക്കാനാണ് ഇരുവരും ബസിൽ യാത്ര ചെയ്തത്.

സംഭവസമയത്ത് മദ്യലഹരിയിൽ ആയിരുന്ന പാണ്ഡ്യൻ വളർമതിയുമായി നിസാരകാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടായി. വാക്കുതർക്കം അതിരുവിട്ടതോടെ, കോപാകുലനായ പാണ്ഡ്യൻ വളർമതിയെ ഓടുന്ന ബസിൽ നിന്ന് കനവായ്‌പെട്ടിയിൽ വച്ച് തള്ളിയിടുകായിരുന്നു.

പൊലീസ് സ്ഥലത്തെത്തി വളർമതിയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.