ലക്‌നൗ: എരുമയെ വാങ്ങാനായി ഓൺലൈൻ വഴി പണം നൽകിയ ക്ഷീരകർഷകനെ കബളിപ്പിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള സുനിൽ കുമാർ എന്ന കർഷകനാണ് തട്ടിപ്പിനിരയായത്. യുട്യൂബിൽ വിഡിയോ കണ്ടതിനെ തുടർന്നാണ് സുനിൽ കുമാർ എരുമയെ വാങ്ങുന്നതിനായി ഓൺലൈൻ വഴി പണം നൽകിയത്.

'കിസാൻ ഭയ്യ' എന്ന ഡയറി ഫാമിന്റെതായി വിഡിയോയിൽ കാണിച്ച ഫോൺ നമ്പറിൽ സുനിൽ കുമാർ ബന്ധപ്പെടുകയായിരുന്നു. ജെയ്പുരിലുള്ള ശുഭം എന്ന ബിസിനസുകാരനുമായി സുനിൽ കുമാർ സംസാരിച്ചു. ഇത് മികച്ച ഇനം എരുമയാണെന്നും ദിവസവും 18 ലിറ്റർ പാൽ നൽകുമെന്നും ഇയാൾ സുനിൽ കുമാറിന് ഉറപ്പു നൽകി.

തുടർന്ന് ശുഭം എരുമയുടെ ഒരു വിഡിയോയും സുനിൽ കുമാറിന് അയച്ചു. 55,000 രൂപയാണ് എരുമയുടെ വില എന്നും 10,000 രൂപ മുൻകൂട്ടി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 10,000 രൂപ അപ്പോൾ തന്നെ ശുഭത്തിന്റെ അക്കൗണ്ടിലേക്ക് സുനിൽ കുമാർ കൈമാറി. എന്നാൽ എരുമയെ ലഭിക്കാത്തതിനെ തുടർന്ന് ശുഭവുമായി വീണ്ടും ഫോണിൽ ബന്ധപ്പെട്ടു.

വീണ്ടും 25,000 രൂപ കൂടി നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്നു മനസ്സിലായതെന്നും പിന്നീട് പണം നൽകിയില്ലെന്നും സുനിൽ കുമാർ പറഞ്ഞു. തുടർന്ന് സുനിൽ കുമാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.