- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണേന്ത്യ പ്രത്യേക രാജ്യം ആകേണ്ടി വരുമെന്ന് കോൺഗ്രസ് എംപി
ബെംഗളൂരു: കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കേണ്ട വികസന ഫണ്ടുകളുടെ വിഹിതം കൂടി ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നുവെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരുമെന്നും കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ.സുരേഷ് കുമാർ. കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ പൂർണമായി അവഗണിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മാനസികാവസ്ഥയാണ് ബിജെപിക്കുള്ളത്. ദക്ഷിണേന്ത്യയോട് കടുത്ത അനീതിയാണ് കേന്ദ്രം കാണിക്കുന്നതെന്നും ഡി.കെ.സുരേഷ് കുമാർ പറഞ്ഞു.
ഞങ്ങൾക്ക് ഞങ്ങളുടെ പണം ലഭിക്കണം. വികസനത്തിനായുള്ള ഞങ്ങളുടെ വിഹിതം ഉത്തരേന്ത്യയ്ക്ക് വിതരണം ചെയ്യാൻ പാടില്ലെന്നും സുരേഷ് കുമാർ ആരോപിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സഹോദരനാണ് ഡി.കെ.സുരേഷ് കുമാർ.
സുരേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി ബിജെപി രംഗത്തെത്തി. രാജ്യത്തെ ഭിന്നിപ്പിക്കുക എന്ന മാനസികാവസ്ഥ കോൺഗ്രസിനാണെന്ന് കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് സി.നാരാണയസ്വാമി ആരോപിച്ചു. 1947 മുതൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളത്. ഭാരത് ജോഡോ യാത്രയല്ല ഭാരത് തോഡോ യാത്രയാണ് രാഹുൽഗാന്ധി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ പറഞ്ഞു. "മതത്തിന്റെയും ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും പേരിൽ ദക്ഷിണേന്ത്യയെ ഭാരതത്തിൽ നിന്നും അടർത്തിമാറ്റണമെന്ന കോൺഗ്രസ് പാർട്ടിയുടെ നിലപാടിൽ പുതുമയില്ല. ഡിഎംകെ അടക്കമുള്ള കോൺഗ്രസിന്റെ ഒട്ടുമിക്ക സഖ്യകക്ഷികളും കാലങ്ങളായി വിഘടനവാദ സ്വരമുയർത്തുന്നുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് കർണാടകയ്ക്ക് ഒന്നും നൽകിയില്ലെന്ന് പറഞ്ഞാണ് ഡികെ സുരേഷ് രാജ്യം വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഡി.കെ സുരേഷിന് ജിന്നയുടെ സ്വരമാണുള്ളത്. ഇതിനെ ശക്തമായി എതിർക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വാദങ്ങൾക്ക് യാതൊരു യുക്തിയുമില്ല.
2009 മുതൾ 2014 വരെയുള്ള 5 വർഷം നോക്കിയാൽ കർണാടകയ്ക്ക് 54,000 കോടി രൂപയാണ് നികുതി വരവിൽ നിന്നും കേന്ദ്രം നൽകിയിട്ടുള്ളത്. 2014- 2019 വർഷം ഇത് 91, 000 കോടിയായി ഉയർന്നു. ഇതിന് പുറമേ സംസ്ഥാനത്ത് വിവിധ പദ്ധതികളും കേന്ദ്രം നടപ്പാക്കി. 5 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്നത്. ഡി.കെ സുരേഷ് മുഹമ്മദ് അലി ജിന്നയെ പോലെയാണ് സംസാരിക്കുന്നത്. ഒരു മുതിർന്ന പാർലമെന്റ് അംഗത്തിൽ നിന്നും ഇത് പ്രതിക്ഷിച്ചില്ല." തേജസ്വി സൂര്യ പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയാണെന്നും ഇത് തുടർന്നാൽ പ്രത്യേക രാജ്യം ആവശ്യപ്പെടാൻ നിർബന്ധിതരാകുമെന്നുമായിരുന്നു ഡി.കെ സുരേഷ് പറഞ്ഞത്. ഇത് ചോദ്യം ചെയ്യണം. തിരുത്തുന്നില്ലെങ്കിൽ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രത്യേക രാജ്യം ആവശ്യപ്പെടണമെന്നും സുരേഷ് പറഞ്ഞു. പ്രത്യേക രാഷ്ട്രത്തിനായുള്ള ശബ്ദം ഉയരുന്നതിന് മുമ്പ് കേന്ദ്ര ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കണം. ദക്ഷിണേന്ത്യയിലെ നികുതി ദക്ഷിണേന്ത്യയിൽ തന്നെ ചെലവാക്കണമെന്നും. ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്നും ഡികെ സുരേഷ് പറഞ്ഞു.