- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലും ഡൽഹിയിലെ പബ്ലിക് സ്കൂളിലും ബോംബ് ഭീഷണി; വ്യാപക പരിശോധന
മുംബൈ: മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹി ആർകെ പുരം ഏരിയയിലെ ഡൽഹി പബ്ലിക് സ്കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടർന്ന് വ്യാപക പരിശോധന. മുംബൈ നഗര പരിധിയിലെ ആറ് സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചത്. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്.
സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറിടങ്ങളിൽ ബോംബ് പൊട്ടുമെന്ന് മാത്രമാണ് ഇയാൾ പറഞ്ഞത്. മറ്റ് വിവരങ്ങളൊന്നും നൽകിയിട്ടില്ല. പാക്കിസ്ഥാൻ കോഡുള്ള മൊബൈൽ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നും മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര എടിഎസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഡൽഹി ആർകെ പുരത്തെ ഡൽഹി പബ്ലിക്ക് സ്കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശം വന്നതിനെ തുടർന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സ്കൂൾ അധികൃതർക്ക് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്കൂളിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.
സ്കൂൾ ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണിയിൽ പറഞ്ഞിരുന്നതെന്ന് ഡൽഹി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കോൾ വന്നയുടനെ സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കഴിഞ്ഞ രണ്ട് മണിക്കൂറായി സ്കൂളിന്റെ പരിസരത്ത് തിരച്ചിൽ തുടരുകയാണ്. എന്നാൽ, സംശയാസ്പദമായ ഒന്നും ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം പൂണെ പൊലീസിനും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. നഗരത്തിലെ ഒരു ആശുപത്രിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൂണെ പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്സ്ആപ്പ് നമ്പറിലേക്ക് വന്ന സന്ദേശം. തുടർന്ന് ആശുപത്രിയിൽ പരിശോധന നടത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.