ബംഗളൂരു: അമിത വേഗതയിലെത്തിയ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബംഗളൂരു മല്ലേശ്വരം സ്വദേശിയായ കുസുമിത എന്ന 21കാരിയാണ് മരിച്ചത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിടിച്ചാണ് വിദ്യാർത്ഥിനിയുടെ മരണം.

വെള്ളിയാഴ്ച രാവിലെ 8.30ന് കുസുമിത സ്‌കൂട്ടറിൽ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് വിദ്യാർത്ഥിനി സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടർന്ന് ബസിന്റെ അടിയിൽപ്പെട്ട വിദ്യാർത്ഥിനിയുമായി അൽപ്പം മുന്നോട്ട് പോയ ശേഷമാണ് ബസ് നിർത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

പ്രദേശത്തുണ്ടായിരുന്നവർ ഉടൻ തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ട്രാഫിക്ക് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും നോർത്ത് ട്രാഫിക്ക് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വർഷ എൻജിനിയറിങ് വിദ്യാർത്ഥിനിയാണ് കുസുമിത. മൃതദേഹം കെസി ജനറൽ ആശുപത്രിയിൽ. വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. 2023ലെ കണക്കുകൾ പ്രകാരം 40 പേരാണ് ബിഎംടിസി ബസിടിച്ച് മരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും ബൈക്ക്, സ്‌കൂട്ടർ യാത്രികരാണ്. അപകടങ്ങളിൽ നൂറിന് മുകളിൽ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.