- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് ജിതൻ റാം മാഞ്ചി
പട്ന: ബിഹാർ മന്ത്രിസഭയിൽ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്നു പാർട്ടി നേതാവ് ജിതൻ റാം മാഞ്ചി. സ്വതന്ത്രനെ മന്ത്രിയാക്കിയ സാഹചര്യത്തിൽ നാല് എംഎൽഎമാരുള്ള എച്ച്എഎമ്മിനു രണ്ടു മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്. മഹാസഖ്യം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി സ്ഥാനം നിരാകരിച്ചാണ് താൻ എൻഡിഎയ്ക്ക് ഒപ്പം നിൽക്കാൻ തീരുമാനിച്ചതെന്ന് മാഞ്ചി പറഞ്ഞു. രണ്ടാമത്തെ മന്ത്രിസ്ഥാനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരോടു സംസാരിച്ചതായും മാഞ്ചി വെളിപ്പെടുത്തി.
മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് എച്ച്എഎം രണ്ടാം മന്ത്രിസ്ഥാനത്തിനായി വിലപേശൽ ആരംഭിച്ചത്. നിതീഷിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് സുമനെ എച്ച്എഎം പ്രതിനിധിയായി ഉൾപ്പെടുത്തിയിരുന്നു. പാർട്ടി എംഎൽഎ അനിൽ കുമാർ സിങ്ങിനെക്കൂടി മന്ത്രിയാക്കണമെന്നാണ് മാഞ്ചിയുടെ ആവശ്യം. മന്ത്രിസഭാ വികസന, വകുപ്പു വിഭജന വിഷയത്തിൽ എൻഡിഎ ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി നിതീഷ് കുമാർ ചർച്ച തുടരുകയാണ്. ആഭ്യന്തര വകുപ്പ് ബിജെപി ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.