ഹൈദരാബാദ്: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഭാരരത്‌ന നൽകിയതിൽ പ്രതികരണവുമായി ബി.ആർ.എസ് നേതാവ് കെ. കവിത. ബിജെപിയുടെ അജണ്ട പൂർത്തിയായി എന്ന് കരുതുന്നുവെന്നാണ് കവിത പ്രതികരിച്ചത്.

''ഭാരതരത്‌ന ലഭിച്ച ലാൽ കൃഷ്ണ അദ്വാനിക്ക് ആശംസകൾ...രാമക്ഷേത്രം നിർമ്മിച്ചതും അദ്വാനിക്ക് ഭാരതരത്‌ന നൽകിയതും നല്ലതു തന്നെ. ബിജെപിയുടെ അജണ്ട പൂർത്തിയായി എന്നു കരുതുന്നു.?''-കവിത പറഞ്ഞു.

ബിജെപി അദ്വാനിയോട് മോശമായാണ് പെരുമാറിയതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെട്ടു. ''അദ്ദേഹത്തിന് അഭിവാദ്യങ്ങൾ. ബിജെപിയും പ്രധാനമന്ത്രി മോദിയും അദ്വാനിയെ കുറിച്ച് ചിന്തിക്കാൻ വൈകിപ്പോയി എന്ന് തോന്നുന്നു. അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണ്.

എൽ.കെ. അദ്വാനി സ്ഥാപന കർമം നിർവഹിച്ച ബിജെപിയുടെ സ്ഥാനം ഇന്നെവിടെയാണ്. എന്നാൽ അദ്ദേഹത്തെ പാർട്ടി അവഗണിക്കുകയാണ് ചെയ്തത്. ഇപ്പോൾ അദ്ദേഹത്തിന് ഭാരതരത്‌ന കൊടുത്തിരിക്കുന്നു. ആശംസകൾ. ''-എന്നാണ് സന്ദീപ് ദീക്ഷിത് പറഞ്ഞത്.