ന്യൂഡൽഹി: മുതിർന്ന ബിജെപി. നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരതരത്ന നൽകിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി പി.സി.സി. സംഘടിപ്പിച്ച ന്യായ് സങ്കൽപ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.

അതേസമയം, അദ്വാനിയെ ബിജെപി. വളരെ വൈകിയാണ് ഓർമിക്കുന്നതെന്ന് കോൺഗ്രസ് നേതാവായ സന്ദീപ് ദീക്ഷിത് പ്രതികരിച്ചു. നേരത്തെ ബിജെപി. അദ്വാനിയോട് ചെയ്തതെല്ലാം വേദനാജനകമാണ്. ഇന്നത്തെ ബിജെപിയുടെ നേട്ടങ്ങൾക്ക് കാരണം അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്വാനിക്ക് ഭാരതരത്ന നൽകാനുള്ള തീരുമാനത്തെ സ്വാഗതംചെയ്ത ഉദ്ധവ് താക്കറെ പക്ഷം, എന്തുകൊണ്ടാണ് ബാലാസാഹേബ് താക്കറേയ്ക്കും സവർക്കർക്കും ഇതുവരെ ഭാരതരത്ന നൽകാത്തതെന്നും ചോദിച്ചു. നേരത്തെ ഈ ആവശ്യം തങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബിജെപി. അവരെക്കുറിച്ച് ഓർമിക്കുന്നതെന്നും ശിവസേന നേതാവ് ആനന്ദ് ദുബെ പറഞ്ഞു.