മുർഷിദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുപോലും നേടില്ലെന്ന തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം എന്തുകൊണ്ടാണ് ബിജെപിയുടെ ഭാഷയിൽ മമത സംസാരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ചോദിച്ചു. മമതയ്ക്ക് ബിജെപിയെ പേടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തെ കരുതി കോൺഗ്രസ് ദേശീയ നേതൃത്വം അനുനയത്തിന്റെ ഭാഷയിൽ പ്രതികരിക്കുമ്പോഴാണ് സംസ്ഥാന നേതൃത്വം ആഞ്ഞടിച്ചത്.

കോൺഗ്രസ് വിജയിക്കണമെന്ന് ബിജെപിയോ മമത ബാനർജിയോ ആഗ്രഹിക്കുന്നില്ല. ഇന്ത്യ സഖ്യത്തിലെ നേതാവ് തന്നെ ഇങ്ങനെ പറയുന്നത് ദൗർഭാഗ്യകരമാണ്. അവർ സ്വന്തം താത്പര്യപ്രകാരമാണ് ഇന്ത്യ സഖ്യത്തിൽ ചേർന്നത്. ബിജെപിയെ പേടിച്ചിട്ടാണ് അവർ നിലപാട് മാറ്റുന്നതെന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

കോൺഗ്രസ് തീർന്നെന്ന് ബിജെപി. പറയുന്നു. അത് അനുകരിച്ച് കോൺഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ലെന്ന് മമത ബാനർജിയും പറയുന്നു. കോൺഗ്രസിന്റേത് പ്രീണനരാഷ്ട്രീയമാണെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നു. മമതയും ഇത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്തുകൊണ്ടാണ് ബിജെപിയും മമതയും ഒരേ ഭാഷയിൽ സംസാരിക്കുന്നത്? മമതയ്ക്ക് സംസ്ഥാനം രണ്ടാമതാണ്. രാഹുൽഗാന്ധിക്ക് രാജ്യമാണ് പ്രധാനം. ബാക്കിയെല്ലാം പിന്നീടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകൾ അവസാനിച്ചുവെന്ന തരത്തിൽ മമത പ്രതികരിക്കുമ്പോഴും സാധ്യതകൾ അടിഞ്ഞിട്ടില്ലെന്ന സൂചനയാണ് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരണങ്ങളിലൂടെ നൽകി വരുന്നത്. ഇതേസമയത്താണ് ലോക്സഭാ കക്ഷി നേതാവുകൂടിയായ ചൗധരിയുടെ കടുപ്പിച്ചുള്ള പ്രതികരണം. മമത ഇപ്പോഴും സഖ്യത്തിന്റെ ഭാഗമാണെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ പ്രതികരിച്ചിരുന്നു. സഖ്യം പ്രാദേശിക തിരഞ്ഞെടുപ്പിന് വേണ്ടിയല്ലെന്നും അത് ദേശീയ തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.