മുംബൈ: ശിവസേന ഷിൻഡെ വിഭാഗം നേതാവ് മഹേഷ് ഗെയ്ക്വാദിനു നേരെ വെടിയുതിർത്തത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണെന്നും പശ്ചാത്താപമില്ലെന്നും ബിജെപി എംഎൽഎ ഗണപത് ഗെയ്ക്വാദ്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി പോയ തന്റെ മകനോട് ശിവസേന നേതാക്കളുടെ അനുയായികൾ മോശമായി പെരുമാറിയെന്നും തുടർന്നു താൻ വെടിയുതിർത്തെന്നുമാണ് ഗണപതിന്റെ വാദം.

''അദ്ദേഹത്തെ ഞാനാണു വെടിവച്ചത്. എനിക്കതിൽ പശ്ചാത്താപമില്ല. പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ പൊലീസുകാരുടെ മുൻപിൽവച്ച് എന്റെ മകനെ അടിക്കുമ്പോൾ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്?'' ബിജെപി എംഎൽഎ ചോദിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് എതിരെയും ഗണപത് രൂക്ഷവിമർശനം ഉയർത്തി. മഹാരാഷ്ട്രയിൽ ക്രിമിനലുകളുടെ രാജ്യം ഉണ്ടാക്കാനാണ് ഷിൻഡെ ശ്രമിക്കുന്നതെന്നായിരുന്നു ഗണപതിന്റെ വിമർശനം.

''ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ ഷിൻഡെ ചതിച്ചു. ബിജെപിയെയും ഷിൻഡെ ചതിക്കും. കോടിക്കണക്കിനു രൂപ അദ്ദേഹം എനിക്കു തരാനുണ്ട്. മഹാരാഷ്ട്ര നന്നാവണമെങ്കിൽ ഷിൻഡെ രാജിവയ്ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടുമുള്ള എന്റെ അപേക്ഷയാണിത്.'' ഗണപത് ഗെയ്കവാദ് പറഞ്ഞു.

ഭൂമിതർക്കവുമായി ബന്ധപ്പെട്ടാണു പൊലീസ് സ്റ്റേഷനിൽവച്ച് അക്രമസംഭവങ്ങൾ ഉണ്ടായതെന്നാണു വിവരം. 10 വർഷം മുൻപ് എംഎൽഎ ഭൂമി വാങ്ങിയിരുന്നു. ഈ ഭൂമിയുടെ മേൽ ചില നിയമപ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് കോടതിയിലെത്തി. അതിൽ താൻ വിജയിച്ചെങ്കിലും ബലംപ്രയോഗിച്ച് മഹേഷ് ഗെയ്കവാദ് ഇതു സ്വന്തമാക്കിയെന്നാണ് എംഎൽഎയുടെ ആരോപണം.