ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനഗറിൽ അതിശക്തമായ മഞ്ഞുവീഴ്ച. ഈ വർഷം വൈകിയാണ് ശ്രീനഗറിൽ മഞ്ഞുവീഴ്ച എത്തിയത്. കനത്ത മഞ്ഞുവീഴ്ച എത്തിയതോടെ ശൈത്യകാല വിനോദ സഞ്ചാരത്തിന് തുടക്കമായി. തലസ്ഥാന നഗരിയിലെ ശൈത്യകാല വിനോദ സഞ്ചാരകേന്ദ്രങ്ങളും സജീവമായിരിക്കുകയാണ്. ശ്രീനഗറിലെ പുതിയ മഞ്ഞുവീഴ്ച പ്രദേശവാസികൾക്കും ആശ്വാസമായിരിക്കുകയാണ്.

മഞ്ഞുവീഴ്ച കശ്മീർ നിവാസികൾക്ക് ഒരു മനോഹര കാഴ്ച മാത്രമല്ല, ഒരു നിർണായക ജല സ്രോതസ് കൂടിയാണ്. ഇത്തവണ മഞ്ഞ് വീഴ്ച വൈകിയതോടെ ജനങ്ങൾ വളരെ ആശങ്കയിലായിരുന്നു. കശ്മീരിൽ മഞ്ഞുവീഴ്ച എത്തിയെങ്കിലും ഇന്നലെയോടെയാണ് ശ്രീനഗറിൽ മഞ്ഞുവീഴ്ച എത്തിയത്.

അതേസമയം ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. സംസ്ഥാനത്ത് നാല് ദേശീയ പാതകൾ ഉൾപ്പെടെ 504 റോഡുകളിലെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. നിലവിൽ യാത്ര അനുവദിക്കുന്നില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി, ജലവിതരണ പദ്ധതികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.