ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതിന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ(പിസിഐ)യെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിറ്റി പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കായിക മന്ത്രാലയത്തിന്റെ നടപടി. കാരണങ്ങളില്ലാതെ മനഃപൂർവമാണ് പിസിഐ തിരഞ്ഞെടുപ്പ് വൈകിച്ചത്. മാർച്ച് 28 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പിസിഐ അറിയിച്ചിരുന്നെന്നും ഇത് നിയമലംഘനമാണെന്നും കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

'നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പേ പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പിസിഐ നടത്തേണ്ടതായിരുന്നു. എന്നാൽ വരുന്ന മാർച്ച് 28ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പിസിഐ കഴിഞ്ഞ ജനുവരി 22ന് അറിയിച്ചു. എന്നാൽ അപ്പോഴേക്കും നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കും. കാലാവധി അവസാനിച്ച് രണ്ട് മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇത് നിയമങ്ങളുടെയും സ്പോർട്സ് കോഡിലെ വ്യവസ്ഥകളുടെയും ലംഘനമാണ്,' കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.