മുംബൈ: ദുബായിൽനിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനം യാത്രക്കാരുമായി പറന്നിറങ്ങിയത് വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിന് പകരം ആഭ്യന്തര ടെർമിനലിൽ. വിമാനത്താവളത്തിലുണ്ടായ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് സാമൂഹികമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ തുടർന്നാണ് സംഭവം ശ്രദ്ധനേടിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരം 'അബദ്ധം' ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിസ്താര അറിയിച്ചു.

കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് മനഃപൂർവമല്ലാത്ത അശ്രദ്ധയാണെന്നും അതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും വിസ്താര അറിയിച്ചു. ഫെബ്രുവരി നാലിന് UK 202 വിമാനത്തിലെത്തിയ യാത്രക്കാർക്കാണ് ഇത്തരമൊരനുഭവമുണ്ടായത്. ഇമിഗ്രേഷൻ നടപടികളോ കസ്റ്റംസ് പരിശോധനയോ നടത്താതെ യാത്രക്കാരെ ആഭ്യന്തര ടെർമിനൽ കടക്കാനനുവദിക്കുകയും ലഗേജ് ബെൽറ്റിലേക്കെത്തിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസികളും അനുബന്ധ അധികൃതരുമായി സഹകരിച്ച് കമ്പനിയുടെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചതായി വിസ്താര വ്യക്തമാക്കി. ആഭ്യന്തര ടെർമിനലിലെത്തിച്ചേർന്ന യാത്രികർക്ക് അന്താരാഷ്ട്ര ആഗമന നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും വിമാനക്കമ്പനി അറിയിച്ചു.

സംഭവം സംബന്ധിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി( BCAS) ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഭാവിയിൽ ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിസ്താര ഉറപ്പുനൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.