ശ്രീനഗർ: ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച കനത്തതോടെ ഹിമപാത മുന്നറിയിപ്പ് നൽകി ദുരന്തര നിവാരണ അഥോറിറ്റി. ബന്ദിപ്പോർ, ബാരാമുള്ള, കുപ്വാര എന്നിവിടങ്ങളിൽ അപകട സാധ്യത കുറഞ്ഞ ഹിമപാതത്തിന് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഡോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ഗന്ദർബാൽ ജില്ലകളിൽ ചെറിയ തോതിലുള്ള ഹിമപാതത്തിനും സാധ്യതയുണ്ടെന്ന് ദുരന്തര നിവാരണ അഥോറിറ്റി അറിയിച്ചു.

പ്രദേശവാസികൾ ജാഗ്രത പാലിക്കണം. ജാഗ്രത മുൻകരുതലുകളെടുക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പിന്തുടരാനും ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച തുടരുകയാണ്. ഇന്ന് കശ്മീരിലെ താപനില 9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. കശ്മീർ താഴ്‌വരയിലെ പല സ്ഥലങ്ങളും മഞ്ഞിൽ മൂടിയിരിക്കുകയാണ്.

ബാരാമുള്ള, ഗുൽമാർഗ് പ്രദേശങ്ങൾ ഇതിനോടകം മഞ്ഞിൽ മൂടിക്കഴിഞ്ഞു. കശ്മീരിലെ ശക്തമായ മഞ്ഞുവീഴ്ച ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ കശ്മീരിലെ നിരവധി റോഡുകൾ അടച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച തുടരുന്നതിനാൽ കശ്മീരിലേക്കുള്ള നിരവധി വിമാനങ്ങളും റദ്ദ് ചെയ്തു.