- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കർ മഹാദേവനും സാക്കിർ ഹുസൈനും രാകേഷ് ചൗരസ്യയ്ക്കും ഗ്രാമി
ലോസ് ആഞ്ചലസ്: 66-ാമത് ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി മൂന്നു കലാകാരന്മാർ. ഗായകൻ ശങ്കർ മഹാദേവനും തബല മാന്ത്രികൻ സാക്കിർ ഹുസൈനും ഫ്‌ളൂട്ട് വിദഗ്ദ്ധൻ രാകേഷ് ചൗരസ്യയ്ക്കും ഗ്രാമി. സാക്കിർ മൂന്നും ചൗരസ്യ രണ്ടും ഗ്രാമികൾ വീതം പങ്കിട്ടു. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ഗ്രാമി ശങ്കറും സാക്കിറും ഉൾപ്പെട്ട ഫ്യൂഷൻ ബാൻഡായ ശക്തിയുടെ 'ദിസ് മൊമന്റി'നാണ്.
ജോൺ മക്ലോക്ലിൻ, എൽ.ശങ്കർ, സാക്കിർ, വി. സെൽവ ഗണേശ്, ഗണേശ് രാജഗോപാലൻ എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയ എട്ട് ഗാനങ്ങളാണ് 2023 ജൂണിൽ പുറത്തിറങ്ങിയ ദിസ് മൊമന്റിലുള്ളത്. ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജോൺ മക്ലോക്ലിൻ 1973ലാണ് ശക്തി സ്ഥാപിച്ചത്. 46 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാൻഡ് ആൽബമിറക്കുന്നത്.മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച സമാകാലിക ഇൻസ്ട്രുമെന്റൽ ആൽബം അവാർഡുകളാണ് സാക്കിർ ഹുസൈനെ തേടിയെത്തിയ മറ്റുള്ളവ.
ബാംസുരി, ഇന്ത്യൻ ബാംബു ഫ്‌ളൂട്ട് എന്നിവയിലൂടെ വിസ്മയം സൃഷ്ടിക്കുന്ന രാകേഷ് ചൗരസ്യ ഇരു വിഭാഗങ്ങളിലും സാക്കിറിനൊപ്പം നേട്ടം പങ്കിട്ടു. സാക്കിർ, ചൗരസ്യ, ബെല ഫ്‌ളെക്ക്, എഡ്ഗർ മേയർ എന്നിവർ ഒരുക്കിയ 'പാഷ്തോ' എന്ന ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസായി. ഗാനം ഉൾക്കൊള്ളുന്ന ' ആസ് വി സ്പീക്ക്' മികച്ച സമകാലിക ഇൻസ്ട്രുമെന്റൽ ആൽബവുമായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അടങ്ങുന്ന,? ഫാൽഗുനി - ഗൗരവ് ഷാ എന്നിവർ ചേർന്നൊരുക്കിയ 'അബൻഡൻസ് ഇൻ മില്ലെ?റ്റ്‌സ്' എന്ന ഗാനത്തെ മറികടന്നാണ് 'പാഷ്തോ'യുടെ നേട്ടം.