നോയിഡ: ക്രിക്കറ്റ് കളിക്കിടെ കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. മീററ്റ് സ്വദേശിയായ സുമിത് സിങ് (24) ആണ് കൊല്ലപ്പെട്ടത്.

കൂട്ടുകാർ ആക്രമിച്ചപ്പോൾ സുമിത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടയിൽ വീണു. പിന്നാലെയെത്തിയ ഹിമാൻശു, ടിങ്കു, അൻശു എന്നിവർ മർദിക്കുകയും തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.

തലയ്ക്കു പരുക്കേറ്റ സുമിത് സംഭവ സ്ഥലത്തുതന്നെ മരിച്ചെന്ന് സെൻട്രൽ നോയിഡ എഡിസിപി ഹൃദേഷ് കത്താരിയ പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തെന്നും ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.