- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാൻവാപി പള്ളിയിലെ പൂജ: പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലെ മുദ്രവെച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിനുള്ള അനുമതി നൽകിയതിൽ തുടരെ തുടരെ ഹർജികൾ നൽകുന്നതിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി ഉത്തരവിട്ടു. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും കോടതി വിമർശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹർജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ പത്തു മണിക്ക് വീണ്ടും ഹർജി പരിഗണിക്കും.
രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇരു വിഭാഗത്തിന്റെയും പുരോഹിതന്മാർ ടി വി ചാനലുകളിൽ ഇരുന്ന് പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്ന് കോടതി പറഞ്ഞു. എന്നാൽ ഇത് ശരിയല്ലെന്നും നിലവിൽ കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പ്രസ്താവനകൾ പാടില്ലെന്നും അലഹബാദ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ ഒരുക്കാൻ വാരാണസി ജില്ലാ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകിയിരുന്നു.
വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാർ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താൻ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്
1993 വരെ ഈ നിലവറയിൽ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയിൽ നൽകിയിരുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദിന്റെ ദക്ഷിണ ഭാഗത്താണ് നിലവിൽ സീൽ ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ.