- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിന് പിന്നാലെ രാജസ്ഥാനും ഏകീകൃത സിവിൽ കോഡിലേക്ക്; നിയമം നടപ്പാക്കാൻ ഒരുക്കങ്ങൾ തുടങ്ങിയെന്ന് രാജസ്ഥാൻ മന്ത്രി
ജയ്പൂർ : ഉത്തരാഖണ്ഡിന് പിന്നാലെ രാജസ്ഥാനിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്നു. നിയമം നടപ്പാക്കാൻ ഞങ്ങളും ശ്രമിക്കുന്നുണ്ടെന്നും തയ്യാറെടുപ്പുകൾ ആരംഭിച്ചതായും രാജസ്ഥാൻ കാബിനറ്റ് മന്ത്രി കനയ്യ ലാൽ ചൗധരി പറഞ്ഞു. യുസിസി കൊണ്ടുവന്ന ഉത്തരാഖണ്ഡ് സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു
യുസിസി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയെന്നും കനയ്യ ലാൽ ചൗധരി പറഞ്ഞു . ' അവരെ അഭിനന്ദിക്കുന്നു. യു.സി.സി നടപ്പാക്കാനും തയ്യാറെടുക്കുകയാണ്. രാജ്യത്ത് ഒരു നിയമം മാത്രമേ നിലനിൽക്കൂ, രണ്ടെണ്ണം നിലനിൽക്കില്ല. ഇന്ത്യയിൽ ഈ നിയമം വളരെ പ്രധാനമാണ്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട് . സംസ്ഥാനത്ത് എല്ലായിടത്തും ഡ്രസ് കോഡ് പിന്തുടരുന്നു, അതിനാൽ ഹിജാബും നീക്കം ചെയ്യണം.' അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഇന്ന് അവതരിപ്പിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. രാവിലെ ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോൺഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു.
ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും, കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്കിയില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പ്ലക്കാർഡുകളുമായി കോൺഗ്രസ് നേതാക്കൾ സഭയിൽ പ്രതിഷേധിച്ചു.
70 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബിജെപിക്കുള്ളത്. ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം. ഗോത്രവിഭാഗങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കും. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബിൽ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരാഖണ്ഡ് ഉൾപ്പടെ 3 സംസ്ഥാനങ്ങളിൽ ഏകീകൃത വ്യക്തി നിയമം നടപ്പാക്കാനാണ് ബിജെപി നീക്കം.
മറുനാടന് ഡെസ്ക്