ന്യൂഡൽഹി: ഇന്ത്യൻ അതിർത്തികൾ സുരക്ഷിതമാക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കർ. 1643 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ മതിൽ സ്ഥാപിക്കുമെന്നും സുരക്ഷിതമായ അതിർത്തികൾ സജ്ജമാക്കുന്നതിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ മ്യാന്മർ അതിർത്തിയിൽ വേലികെട്ടുമെന്നും തൊട്ടടുത്തായി പട്രോളിങ് ട്രാക് നിർമ്മിക്കുമെന്നും അമിത് ഷാ അറിയിച്ചു. മണിപ്പുരിൽ കുക്കി-മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുള്ള കലാപം തുടരുന്നതിനിടെയാണു പ്രഖ്യാപനം. അടുത്തിടെ നിരവധി മ്യാന്മർ പൗരന്മാർ അതിർത്തികടന്നു മണിപ്പുരിൽ പ്രവേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.

''ദേഭിക്കാൻ കഴിയാത്ത അതിർത്തികൾ സൃഷ്ടിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 1643 കിലോമീറ്റർ നീളമുള്ള ഇന്ത്യമ്യാന്മർ അതിർത്തിക്കു ചുറ്റും വേലി കെട്ടാൻ തീരുമാനിച്ചിട്ടുണ്ട്. മികച്ച നിരീക്ഷണം നടത്തുന്നതിനായി സമീപത്തായി പട്രോൾ ട്രാക്കും നിർമ്മിക്കും.

മണിപ്പുരിലെ മൊറെയിൽ 10 കിലോമീറ്ററോളം വേലി കെട്ടിക്കഴിഞ്ഞു. ഹൈബ്രിഡ് സർവെയ്ലൻസ് പദ്ധതി വഴി വേലി കെട്ടുന്നതും പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലൂടെ അരുണാചൽ പ്രദേശിലും മണിപ്പുരിലും ഒരു കിലോമീറ്ററോളം വേലി കെട്ടും. മണിപ്പുരിൽ 20 കിലോമീറ്ററോളം വേലി കെട്ടാനും തീരുമാനമായിട്ടുണ്ട്. നിർമ്മാണം ഉടൻ ആരംഭിക്കും''അമിത് ഷാ എക്‌സിൽ കുറിച്ചു.

ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് മതിൽ പണിയുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. ഇതിന് പുറമേ നിരീക്ഷണത്തിനായി രണ്ട് അത്യാധുനിക ഹൈബ്രിഡ് സർവൈലൻസ് സിസ്റ്റം പദ്ധതികളും വരുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത കുടിയേറ്റത്തിനും അതിർത്തി വഴിയുള്ള ലഹരി വിൽപ്പയ്ക്കും ശക്തമായ മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഇതോടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വലിയ പ്രതിസന്ധികൾക്കാണ് പരിഹാരമാകുന്നത്.