ലഖ്നൗ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് വ്യാജരേഖകൾ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് പൊലീസുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ്. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി വഞ്ചനയ്ക്കും പീഡനത്തിനും എഫ്‌ഐആർ ഫയൽ ചെയ്തു. 22 കാരനായ വിജയ് സിങ് എന്നയാൾക്കെതിരെയാണ് പരാതി.

യുപിഎസ്‌സി സിവിൽ സർവീസ് 2023 മെയിൻ പാസായെന്നും അഭിമുഖത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് വനിതാ കോൺസ്റ്റബിളിനെ വിവാഹം കഴിച്ചത്. വ്യാജരേഖകൾ ചമച്ചാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. ഭാര്യ സത്യം മനസ്സിലാക്കിയപ്പോൾ ഇയാൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. 2023ലാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്.

ഇയാൾക്കെതിരെ മദേഗഞ്ച് പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. വിജയ് സിംഗിനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആക്രമണം, ക്രൂരത, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിസിപി ത്യാഗി പറഞ്ഞു.

ഇയാൾക്കെതിരെ ജന്മനാടായ ഗോണ്ടയിൽ മുമ്പ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഗോണ്ട പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാദേഗഞ്ച് പൊലീസ് പറഞ്ഞു.