ന്യൂഡൽഹി: ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ബിജെപിയുടെ രാഷ്ട്രീയ നീക്കം. സംസ്ഥാനത്ത് സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി. ബിജെപിയുമായി കൈകോർക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയായതിനെത്തുടർന്ന് ആർ.എൽ.ഡിയും എൻഡിഎ ഘടകകക്ഷിയാകും.

ലോക്സഭയിൽ ഉത്തർപ്രദേശിൽ രണ്ട് സീറ്റുകൾക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നൽകാമെന്ന ബിജെപിയുടെ വാഗ്ദാനമാണ് ജയന്ത് ചൗധരിയുടെ തീരുമാനത്തിന് പിന്നിൽ. പടിഞ്ഞാറൻ യു.പി.യിലെ ജാട്ട് മേഖലകളിൽ സ്വാധീനമുള്ള പാർട്ടിയെ ചാക്കിലാക്കി സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കുകയാണ് ബിജെപി.യുടെ ലക്ഷ്യം. കർഷകസമരം ഈ മേഖലകളിൽ ബിജെപി.ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

ബിഹാറിൽ ജെ.ഡി.യുവിനെ എൻ.ഡി.എയിൽ എത്തിച്ചതിന് പിന്നാലെയാണ് ബിജെപി. രാഷ്ട്രീയ ലോക്ദളിനേയും നോട്ടമിട്ടത്. നാലു സീറ്റുകളായിരുന്നു ആർ.എൽ.ഡിയുടെ ആവശ്യം. ജെ.ഡി.യു.വിനു പിന്നാലെ ആർ.എൽ.ഡി.കൂടി പോയാൽ പ്രതിപക്ഷത്തെ ഇന്ത്യസഖ്യത്തിന് കനത്ത തിരിച്ചടിയാവും.

കഴിഞ്ഞതവണ യു.പി.യിൽ 62 സീറ്റുകളാണ് ബിജെപി. നേടിയത്. അയോധ്യ രാമക്ഷേത്രം യാഥാർഥ്യമാക്കിയതോടെ ഇക്കുറി പരമാവധി സീറ്റുകൾ സ്വന്തമാക്കാമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഇത്തവണ എസ്‌പി.യുമായി നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച് ഏഴു സീറ്റുകളിൽ ആർ.എൽ.ഡി. മത്സരിക്കുമെന്ന് ജയന്ത് ചൗധരി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എസ്‌പി.യുമായി ചേർന്ന് മത്സരിച്ച 2014-ലും 2019-ലും ആർ.എൽ.ഡി.ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 2009-ൽ ബിജെപി.ക്കൊപ്പം ചേർന്നപ്പോൾ അഞ്ചു സീറ്റുകൾ സ്വന്തമാക്കിയിരുന്നു.