ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചുനീക്കിയതിന് പിന്നാലെയുണ്ടായ കലാപത്തിൽ മരണം ആറായി. പരുക്കേറ്റ ഇരുന്നൂറോളം പേരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

സംഭവത്തിൽ ആറു പേർ മരിച്ചെന്നാണു ജില്ലാ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക അറിയിപ്പ്. 19 പേരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അയ്യായിരം പേരെ പ്രതികളാക്കിയാണ് എഫ്‌ഐആർ രജിസ്റ്റ്ർ ചെയ്തതെന്നു നൈനിറ്റാളിലെ സീനിയർ പൊലീസ് സൂപ്രണ്ട് മീണ പറഞ്ഞു.

ഹൽദ്‌വാനിയിലെ നിലവിലെ സ്ഥിതിഗതികൾ ശാന്തമാണ്. നിരോധനാജ്ഞ ഭാഗികമായി പിൻവലിച്ചു. പരമാവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം. സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും കടകൾ പലതും തുറന്നു. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും വേട്ടയാടപ്പെടുകയാണെന്നു സമാജ്‌വാദി പാർട്ടി നേതാവ് ശിവ്പാൽ സിങ് ആരോപിച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സംഭവസ്ഥലം സന്ദർശിച്ചു. നിയമം കയ്യിലെടുത്തു സർക്കാർ സംവിധാനത്തിനെതിരെ കലാപം അഴിച്ചുവിട്ടുവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എല്ലാ കലാപകാരികളുടെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.