പട്‌ന: ആർജെഡിയുടെ അട്ടിമറി ഭീഷണിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ച ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ടു തേടും. ആർജെഡി പ്രതിനിധിയായ സ്പീക്കർ അവധ് ബിഹാരി ചൗധരി രാജി വയ്ക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു മുൻപു സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം വോട്ടിനിടും.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാകും സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കുക. 243 അംഗ നിയമസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 128, മഹാസഖ്യത്തിന് 114 എന്നിങ്ങനെയാണ് അംഗബലം. എഐഎംഐഎം ഇരുമുന്നണിയിലുമില്ല.

ആർജെഡിയുടെ ചാക്കിടൽ പേടിച്ചു ബിജെപി എംഎൽഎമാരെ പരിശീലനത്തിനെന്ന പേരിൽ ഗയയിലേക്ക് മാറ്റിയിട്ടുണ്ട്. ജനതാദൾ (യു) എംഎൽഎമാരെ ഒന്നിച്ചു കൂട്ടാനായി പാർട്ടിയുടെ മന്ത്രിമാർ തുടർച്ചയായി വിരുന്നുകൾ നടത്തുന്നുണ്ട്. എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി ഇടഞ്ഞു നിൽക്കുകയാണെങ്കിലും തൽക്കാലം മുന്നണി വിടാനുള്ള സാധ്യതയില്ല.