മുംബൈ: മഹാരാഷ്ട്ര മുന്മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ അംഗത്വമെടുത്തു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാൻ പാർട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുളയുടേയും നേതൃത്വത്തിലാണ് അശോക് ചവാനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായം തുറക്കുകയാണെന്നായിരുന്നു രാഷ്ട്രീയ പ്രവേശനത്തിൽ അശോക് ചവാന്റെ പ്രതികരണം.

തിങ്കളാഴ്ചയാണ് അശോക് ചവാൻ കോൺഗ്രസ് വിട്ടത്. എംഎൽഎ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാൻ നാളെ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാൻ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഭോകാർ നിയോജക മണ്ഡലം എംഎൽഎയായ ചവാൻ മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായിരുന്നു. മിലിന്ദ് ദിയോറയ്ക്കും ബാബാ സിദ്ദിഖിക്കും പിന്നാലെ ഒരു മാസത്തിനിടെ പാർട്ടി വിടുന്ന പ്രമുഖ നേതാവാണ് അശോക് ചവാൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ കോൺഗ്രസിനും പ്രതിപക്ഷ സംഖ്യത്തിനും തിരിച്ചടിയാവുകയാണ് ചവാന്റെ രാജി.

2008-2010 കാലയളവിലാണ് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ഈമാസം 27-ന് നടക്കുന്ന രാജ്യസഭാതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കങ്ങൾ നടത്തുന്നതിനാണ് അശോക് ചവാനെ മുൻനിർത്തി ബിജെപിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

അശോക് ചവാനോടൊപ്പമുള്ള കൂടുതൽ കോൺഗ്രസ് എംഎ‍ൽഎ. മാർ വരുംദിവസങ്ങളിൽ ബിജെപിയിലേക്കെത്തുമെന്നാണ് പ്രചാരണം. അങ്ങനെവന്നാൽ കോൺഗ്രസിന് ജയിക്കാവുന്ന ഏക സീറ്റുപോലും നഷ്ടപ്പെടാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കും. സ്ഥിതി വിലയിരുത്തുന്നതിനായി കോൺഗ്രസ് നേതൃത്വം ഇന്ന് എംഎ‍ൽഎ. മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ശിവസേനപിളർത്തി ഏക്‌നാഥ് ഷിൻഡെയും എൻ.സി.പി യെ പിളർത്തി അജിത്പവാറും ബിജെപി. ചേരിയിലേക്ക് മാറിയതിനു പിന്നാലെയാണ് കോൺഗ്രസിൽ അശോക് ചവാനെ മുൻനിർത്തി ബിജെപി. കരുനീക്കം നടത്തുന്നത്. എന്നാൽ മുൻ കോൺഗ്രസ് എംഎൽഎസിയായിട്ടുള്ള അമർരാജുർ മാത്രമാണ് ചവാനൊപ്പം ഇന്ന് ബിജെപിയിൽ ചേർന്നത്.