ഡെറാഡൂൺ: ഭർത്താവും സഹോദരനും പിതാവും ചേർന്ന് ക്രൂരമായി മർദിച്ച് നഗ്‌നയാക്കി നടത്തിയെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം. ഉത്തരാഖണ്ഡിലെ യു.എസ് നഗറിലാണ് സംഭവം. ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ യു.പി പൊലീസ് അറസ്റ്റുചെയ്തു. ഫെബ്രുവരി ആറിനാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയോട് ക്രൂരത കാട്ടിയത് എന്നാണ് പരാതി.

ഭർത്താവും ഇയാളുടെ സഹോദരനും പിതാവും ചേർന്ന് വസ്ത്രങ്ങൾ വലിച്ചൂരിയ ശേഷം മർദിക്കുകയും വീട്ടിനുള്ളിലൂടെ നടത്തിച്ചെന്നും യുവതിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു. മദ്യപിച്ചെത്തുന്ന ഭർത്താവ് നിരന്തരം മർദിക്കാറുണ്ടെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

എന്നാൽ, മക്കളെ ഓർത്തിട്ടാണ് ഭർത്താവിന്റെ ക്രൂരത ഇത്രയുംനാൾ സഹിച്ചതെന്ന് അവർ പറയുന്നു. സംഭവശേഷം യുവതി ഉത്തർപ്രദേശിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും സഹോദരനുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.യുവതിയുടെ പരാതിയിൽ യുപിയിലെ പിലിഭിത്ത് കോട്വാലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

സംഭവത്തിന്റെ പിറ്റേദിവസം യുപിയിൽ യുവതി താമസിക്കുന്ന വീട്ടിലെത്തിയ പ്രതികൾ മൂന്നുപേരും ചേർന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. 15 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.