ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് ഒരു സീറ്റ് പോലും കോൺഗ്രസ് അർഹിക്കുന്നില്ലെന്നും ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റ് നൽകാമെന്നും ആം ആദ്മി പാർട്ടി. ഇന്ത്യ സഖ്യത്തിലെ പ്രമുഖ പാർട്ടിയെ പരിഹസിച്ചാണ് എഎപിയുടെ സീറ്റ് വാഗ്ദാനം.

'മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഒരു സീറ്റ് പോലും കോൺഗ്രസ് ഡൽഹിയിൽ അർഹിക്കുന്നില്ല. പക്ഷേ സഖ്യത്തിന്റെ ധർമ്മം പരിഗണിച്ച് ഞങ്ങൾ ഒരു സീറ്റ് വാഗ്ദാനം നൽകുകയാണ്. കോൺഗ്രസ് പാർട്ടി ഒരു സീറ്റിലും എ.എ.പി ആറു സീറ്റിലും മത്സരിക്കും', എ.എ.പി എംപി സന്ദീപ് പതക് പറഞ്ഞു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുഴുവൻ സീറ്റിലും ബിജെപി.യായിരുന്നു വിജയിച്ചിരുന്നത്. 22 ശതമാനം വോട്ടുകൾ നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തും എ.എ.പി മൂന്നാം സ്ഥാനത്തുമായിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.യെയും കോൺഗ്രസിനെയും പിന്നിലാക്കി എ.എ.പി മിന്നുംവിജയം നേടി.

പഞ്ചാബിലെ 13 സീറ്റിലും ഛത്തീഗഡിലെ ഒരു സീറ്റിലും എഎപി മത്സരിക്കുമെന്ന് കഴിഞ്ഞയാഴ്ച അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. നിലവിൽ എ.എ.പി ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.