- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊരുതിനിൽക്കേണ്ട അശോക് ചവാൻ ഓടിപ്പോയെന്ന് രമേശ് ചെന്നിത്തല
മുംബൈ: പാർട്ടി എല്ലാം നൽകിയിട്ടും എന്തുകൊണ്ടാണ് പാർട്ടിവിട്ടതെന്ന് അശോക് ചവാൻ തന്നെ വ്യക്തമാക്കണമെന്ന് സംസ്ഥാനത്തിന്റെ എഐസിസി ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല. വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയും കേന്ദ്ര ഏജൻസികളുടെ സമ്മർദത്തെത്തുടർന്നും പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയാവാമെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിൽ അശോക് ചവാൻ കോൺഗ്രസ് വിട്ടതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശോക് ചവാനുപുറകെ മറ്റാരും പാർട്ടി വിടില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി മല്ലികാർജുൻ ഖാർഗെയ്ക്കു കീഴിൽ പ്രവർത്തിക്കും. ചവാനെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് മുകളിലുള്ള സമ്മർദ്ദം എന്താണ്? ഇ.ഡിയാണോ അദ്ദേഹത്തെ സമ്മർദത്തിലാക്കിയത്? ചവാൻ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി വലിയ വിജയം നേടുമെന്ന് ഭയക്കുന്ന ബിജെപി, സഖ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ചവാന് കോൺഗ്രസ് എല്ലാം നൽകി. സീറ്റ് വിഭജന ചർച്ചയിൽ അദ്ദേഹത്തിന് പൂർണ്ണസ്വാതന്ത്ര്യം നൽകി. മറ്റെന്താണ് അദ്ദേഹം ആഗ്രഹിച്ചത്? തോന്നോട് ഒരു പരാതിയും അദ്ദേഹം പറഞ്ഞിരുന്നില്ല.
മഹാരാഷ്ട്രയിൽ പാർട്ടിയുടെ മുഖമായിരുന്നു അദ്ദേഹം. എന്നാൽ, പൊരുതിനിൽക്കേണ്ടിയിരുന്ന അദ്ദഹേം, യുദ്ധക്കളം വിട്ട് ഓടിപ്പോയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 70,000 കോടിയുടെ അഴിമതി നടത്തിയ അജിത് പവാർ ഇപ്പോൾ പരിശുദ്ധനായി. ബിജെപി. വാഷിങ് മെഷീനാണോയെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോളെ, പൃഥ്വിരാജ് ചൗഹാൻ, ബാല സാഹെബ് തോറോട്ട്, വിജയ് വഡേത്തിവാർ, നസീം ഖാൻ, വർഷ ഗെയ്ക്വാദ് തുടങ്ങിയവർ പങ്കെടുത്തു. ലോക്സഭാ- രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി കൈക്കൊള്ളേണ്ട തന്ത്രങ്ങൾ യോഗം ചർച്ച ചെയ്തുവെന്നാണ് വിവരം.