തൃശൂർ: അത്താണി വ്യവസായ എസ്റ്റേറ്റിലെ കരിഓയിൽ ശുദ്ധീകരണ യൂണിറ്റിൽ വൻ തീപിടിത്തം. ജീവനക്കാർ അതിവേഗം പുറത്തേക്കിറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. കമ്പനിക്കുള്ളിൽ ഹാൻഡ് റെയിലിന്റെ വെൽഡിങ് ജോലി നടന്നിരുന്നു. ഇതിനിടെയാണ് തീപടർന്നത്. വെളപ്പായ സ്വദേശി സുബ്രമണ്യന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ എന്റർപ്രൈസസിലാണ് തീപടർന്നത്.

മേൽക്കൂരയും കമ്പനിക്കുള്ളിലെ സാധനസാമഗ്രികളുമൊക്കെ തീപിടിത്തത്തിൽ നശിച്ചു. സമീപത്തെ പൗഡർ കോട്ടിങ് നിർമ്മാണ യൂണിറ്റിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും ഭാഗികമായി കത്തിനശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറും മറ്റും അതിവേഗം പുറത്തേക്ക് നീക്കിയത് വൻ ദുരന്തം ഒഴിവാക്കി.

പരിസരമാകെ പുക വ്യാപിച്ചത് പരിഭ്രാന്തിപരത്തി. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷസേന രണ്ട് മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്. സഹായത്തിനായി തൃശ്ശൂരിൽനിന്നും ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി. രണ്ട് സ്ഥാപനത്തിലും വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.