ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് (ഡബ്ല്യു.എഫ്.ഐ) ഏർപ്പെടുത്തിയ താത്കാലിക വിലക്ക് നീക്കി ആഗോള ഭരണ സമിതിയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ് (യു.ഡബ്ല്യു.ഡബ്ല്യു). ചൊവ്വാഴ്ച ഈ വിലക്ക് നീക്കിയ ആഗോള സംഘടന, പ്രതിഷേധമുയർത്തിയ ഇന്ത്യൻ താരങ്ങളായ ബജ്റംഗ് പുണിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവർക്കെതിരേ വിവേചനപരമായ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നൽകാൻ ദേശീയ ഫെഡറേഷനോട് നിർദേശിക്കുകയും ചെയ്തു.

ആഭ്യന്തരത്തർക്കവും കോടതിവ്യവഹാരങ്ങളും കാരണം നിയമക്കുരുക്കിലായ ദേശീയ ഗുസ്തി ഫെഡറേഷനെ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താത്തതിനെ തുടർന്ന് 2023 ഓഗസ്റ്റ് 23-നാണ് യു.ഡബ്ല്യു.ഡബ്ല്യു താത്കാലികമായി വിലക്കിയത്.

ദേശീയ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് അവലോകനം ചെയ്യുന്നതിനായി ഫെബ്രുവരി ഒമ്പതിന് യു.ഡബ്ല്യു.ഡബ്ല്യു യോഗം ചേർന്നിരുന്നു. തുടർന്ന് എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം വിലക്ക് നീക്കാൻ തീരുമാനിക്കുകയായിരുന്നു.

ദേശീയ ഗുസ്തി ഫെഡറേഷനു കീഴിൽ വരുന്ന എല്ലാ മത്സരങ്ങളിലും ഒളിമ്പിക്സ് അടക്കമുള്ള പ്രധാന ദേശീയ അന്തർദേശീയ മത്സരങ്ങൾക്കുമുള്ള ട്രയൽസിൽ യാതൊരു വിവേചനവുമില്ലാതെ എല്ലാ ഗുസ്തി താരങ്ങൾക്കും പങ്കാളിത്തമുണ്ടാകുമെന്ന് ഫെഡറേഷൻ യു.ഡബ്ല്യു.ഡബ്ല്യുവിന് ഉടനടി രേഖാമൂലമുള്ള ഉറപ്പ് നൽകണം.

ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ലൈംഗിക പീഡനക്കേസ് ഉയർന്നതിനെത്തുടർന്നാണ് ദേശീയ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പകരം അഡ്‌ഹോക് കമ്മിറ്റിയെ ഭരണം ഏൽപ്പിച്ചത്. ഏപ്രിൽ 27-ന് ചുമതലയേറ്റ കമ്മിറ്റി 45 ദിവസത്തിനകം തിരഞ്ഞെടുപ്പുനടത്തി പുതിയ ഭാരവാഹികളെ ഭരണം ഏൽപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് ഭൂപേന്ദർ സിങ് ബാജ്വ അധ്യക്ഷനായ അഡ്‌ഹോക് കമ്മിറ്റി പലതവണ തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചെങ്കിലും ഗുസ്തി താരങ്ങളുടെ പ്രതിഷേധവും കോടതിവ്യവഹാരങ്ങളും കാരണം അത് നടന്നില്ല.

മെയ്‌ ഏഴിന് തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ, ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിന്റെയും ബജ്‌റംഗ് പുണിയയുടെയും സാക്ഷി മാലിക്കിന്റെയും നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ സമരം പുനരാരംഭിച്ചതോടെ തിരഞ്ഞെടുപ്പ് നീട്ടി. ഇതിനുശേഷം തിരഞ്ഞെടുപ്പ് നടത്താൻ അഡ്‌ഹോക് കമ്മിറ്റി ശ്രമിച്ചെങ്കിലും ഹരിയാണ ഉൾപ്പെടെയുള്ള സംസ്ഥാന അസോസിയേഷനുകൾ കോടതിയെ സമീപിച്ചതോടെ പിന്നെയും നീണ്ടു. ജൂണിൽ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചെങ്കിലും അതും നടന്നില്ല.