കാൺപൂർ: ഉത്തർ പ്രദേശ് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തിൽ ജോലി ചെയ്ത കോൺസ്റ്റബിളിന്റെ സമ്പാദ്യം കണ്ട് കണ്ണുതള്ളി അധികൃതർ. രണ്ട് നിലകളിലായി നിർമ്മിച്ച വിശാലമായ 12 മുറികളുള്ള ഒരു വീട്, നീന്തൽ കുളവും വലിയ പാർക്കിങ് ഏരിയയുമടക്കം വിശാലമായ ഏരിയയിലാണ് കൂറ്റൻ വീടുള്ളത്. ബി എം ഡബ്ല്യു, ഓഡി, ടൊയോട്ട ഫോർച്യൂണർ, സെഡാൻ അടക്കമുള്ള കാറുകളാണ് ഇയാളുടെ കാർ പോർച്ചിലുള്ളത്. 0078 - ൽ അവസാനിക്കുന്ന ഫാൻസി നമ്പറുകളായിരുന്നു കാറുകൾക്കെല്ലാം നൽകിയിരിക്കുന്നതും.

യു പി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിലെ (എ സി ഡബ്ല്യു) കോൺസ്റ്റബിളായിരുന്നു 58 കാരനായ സുശീൽ മിശ്ര. അനധികൃത സ്വത്ത് സമ്പാദനത്തിൽ പൊലീസ് വകുപ്പിന്റെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. 1987 - ൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. വകുപ്പിന് എന്നും തലവേദനയായിരുന്നു ഇയാൾ. 2020 ൽ മുൻ ബി എസ് പി പ്രവർത്തകൻ പിന്റു സെൻഗാറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.

കേസെടുത്തതിന് പിന്നാലെ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കരിയറിൽ ഉടനീളം അഴിമതിക്കേസുകൾ പതിവായിരുന്നു. നിരവധി വകുപ്പുതല അന്വേഷണങ്ങൾ നേരിടുകയും പലതവണ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

രമാകാന്ത് എന്നയാൾ നൽകിയ പരാതിയിൽ 2019 ൽ ലഖ്നൗവിൽ അനധികൃത സ്വത്ത് സമ്പാദന കേസിലും ഇയാൾക്കെതിരെ കേസെടുത്തുവെന്ന് ചക്കേരി സ്റ്റേഷനിലെ എ സി ഡബ്ല്യു ഇൻസ്പെക്ടർ ചതുർ സിങ് പറഞ്ഞു. പരാതിയെ തുടർന്ന് കാൺപൂരിലെ എ സി ഡബ്ല്യു ഇക്കാര്യം അന്വേഷിക്കുകയും മിശ്ര അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തുകയും ചെയ്തു. കോടികളാണ് ഇയാളുടെ സമ്പാദ്യമെന്നും വീടിന് മാത്രം ഏകദേശം 5 കോടി രൂപയാണ് വിലയെന്നും പൊലീസ് പറഞ്ഞു.