ന്യൂഡൽഹി: കർഷക മാർച്ചിനു നേരെ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച പഞ്ചാബിൽ റെയിൽ ഗതാഗതം തടയുമെന്ന് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംബു, ഖനൗരി പ്രദേശങ്ങളിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് നേരെയാണ് ഹരിയാന പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചത്. സംഘർഷത്തിൽ ഇതുവരെ 60 പേർക്കു പരുക്കേറ്റതായി കർഷക സംഘടനകൾ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായി പൊലീസും അറിയിച്ചു.

ഏഴ് സ്ഥലങ്ങളിലാണ് ട്രെയിൻ തടയുകയെന്ന് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) അറിയിച്ചു. ഉച്ച മുതൽ ആരംഭിക്കുന്ന ട്രെയിൻ തടയൽ വൈകിട്ട് നാലു വരെ തുടരും. സമരം ചെയ്യുന്ന കർഷകരോടുള്ള ഹരിയാന സർക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിനെതിരെയാണ് വ്യാഴാഴ്ച നടത്തുന്ന പ്രതിഷേധമെന്ന് കർഷകർ അറിയിച്ചു. സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരാണ് കാൽനടയായും ട്രാക്ടറിലും ചെറു വാഹനങ്ങളിലുമായി ഡൽഹിയിലേക്കെത്തിച്ചേരുന്നത്.

വിളകൾക്ക് മിനിമം താങ്ങുവില ലഭ്യമാക്കുക, എം.എസ് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകതൊഴിലാളികൾക്കും പെൻഷൻ നൽകുക ഉൾപ്പെടെയെുള്ള ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

'ഡൽഹി ചലോ' മാർച്ചിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നു പുറപ്പെട്ട കർഷകർ ആറു മാസം കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റുസംവിധാനങ്ങളും കരുതിയാണ് ട്രാക്ടറുകളിൽ പുറപ്പെട്ടത്. സംസ്ഥാന അതിർത്തിയിൽ പഞ്ചാബ് സർക്കാർ കൂടുതൽ ആശുപത്രി സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഒട്ടേറെ ആംബുലൻസുകളും തയാറാക്കി നിർത്തിയിട്ടുണ്ട്.