ന്യൂഡൽഹി: കാർഗിൽ യുദ്ധ വീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവ് കമൽ കാന്ത് ബത്ര (77) അന്തരിച്ചു. ബുധനാഴ്ച അർധരാത്രിയോടെ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവാണ് മരണവിവരം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. റിട്ട. അദ്ധ്യാപികയും ആം ആദ്മി പാർട്ടി മുൻനേതാവുമായിരുന്ന കമൽ കാന്ത് ബത്ര ഹിമാചൽപ്രദേശിലെ പലംപുർ സ്വദേശിയാണ്. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ ഹാമിർപുരിൽനിന്നാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഏതാനും മാസങ്ങൾക്കകംതന്നെ പാർട്ടി വിടുകയും ചെയ്തു.

"വളരെ ദുഃഖകരമായ വാർത്തയാണിത്. ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവ് കമൽ കാന്ത് മിത്ര വിടപറഞ്ഞിരിക്കുന്നു. അവരുടെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നു. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് സർവശക്തനായ ദൈവം ആ കുടുംബത്തിനു നൽകട്ടെ." സുഖ്വിന്ദർ സിങ് സുഖു കുറിച്ചു. ഭർത്താവ്: റിട്ട. ഗവ. സ്‌കൂൾ പ്രിൻസിപ്പൽ ഗിർദാരി ലാൽ ബത്ര. മറ്റുമക്കൾ: വിശാൽ ബത്ര, സീമ ബത്ര, നുതൻ ബത്ര.

പരമോന്നത സൈനികമെഡലായ പരംവീരചക്ര നൽകി രാജ്യം ആദരിച്ച സൈനികനാണ് ക്യാപ്റ്റൻ വിക്രം ബത്ര. കാർഗിൽ യുദ്ധഭൂമിയിൽ ഒപ്പമുണ്ടായിരുന്ന സൈനികന്റെ ജീവൻരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിക്രം ബത്ര വെടിയേറ്റുമരിച്ചത്. 24-ാം വയസ്സിലായിരുന്നു മരണം. അദ്ദേഹത്തിന്റെ ജീവിത കഥ ആസ്പദമാക്കി 2021ൽ പുറത്തിറങ്ങിയ സിനിമയാണ് ഷേർഷാ.