മാനന്തവാടി: ഭിന്നശേഷിക്കാരനായ യുവാവിനെ തോർത്തിൽ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധുക്കളായ രണ്ടു പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളാട് കരിമ്പിൽത്തോട് വീട്ടിൽ സതീശൻ (36), സലീഷ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 13ന് രാവിലെ പാൽ വാങ്ങാനായി കടയിൽ പോയപ്പോഴാണ് പ്രതികൾ രണ്ട് പേരും ചേർന്ന് വാളാട് സ്വദേശിയായ പരാതിക്കാരനെ അതിക്രൂരമായി മർദ്ദിച്ചത്.

കഴുത്ത് ഞെരിക്കുകയും, നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും, തോർത്തിൽ കല്ല് കെട്ടി തലക്കടിക്കുകയും ചെയ്തു. തലയോട്ടി പൊട്ടി അബോധാവസ്ഥയിലായ പരാതിക്കാരനെ നാട്ടുകാരാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലപ്പുഴ എസ്.എച്ച്.ഒ അരുൺ ഷായുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടറായ വിമൽചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോയ് തോമസ്, അബ്ദുള്ള, ജമാൽ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.