- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ മദ്യം കടത്തിയത് കാളവണ്ടിയിൽ; കാളയും 5ലക്ഷത്തിന്റെ മദ്യവും കസ്റ്റഡിയിൽ
പട്ന: സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും പല മാർഗങ്ങളിലൂടെയുള്ള മദ്യക്കടത്താണ് ബിഹാറിൽ അരങ്ങേറുന്നത്. ബസിലും ടാങ്കറിലുമൊക്കെ കടത്തുന്ന പതിവ് രീതി വിട്ട് ഇക്കുറി ഒരുസംഘം മദ്യക്കടത്ത് നടത്തിയത് കാളവണ്ടിയിലാണ്. ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം.
ഒന്നും രണ്ടുമല്ല അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് കാളവണ്ടിയിൽനിന്ന് പിടികൂടിയത്. സംശയം തോന്നിയതോടെ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
ഇതോടെ കാളവണ്ടിയും മദ്യവും ഉപേക്ഷിച്ച് മദ്യക്കടത്തുകാർ ഓടി രക്ഷപ്പെട്ടു. ഇത്തരത്തിലുള്ള മദ്യക്കടത്ത് പിടിക്കുന്നത് ആദ്യമായാണെന്ന് എക്സൈസ് സൂപ്രണ്ട് അമൃതേഷ് കുമാർ ഝാ പറഞ്ഞു.
മദ്യക്കടത്തുകാർ രക്ഷപ്പെട്ടെങ്കിലും മദ്യവും കാളവണ്ടിയും രണ്ടുകാളകളെയും പിടിച്ചെടുത്തു. വ്യാഴാഴ്ച ഇതെല്ലാം പ്രത്യേക എക്സൈസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കാളകളെ സംരക്ഷിക്കാൻ താൽപര്യമുള്ളവർക്ക് കൈമാറാൻ കോടതി നിർദേശിച്ചതായി അധികൃതർ അറിയിച്ചു.
2016 ഏപ്രിലിൽ നിതീഷ് കുമാർ സർക്കാരാണ് ബിഹാറിൽ മദ്യനിരോധനം നടപ്പാക്കിയത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെയുള്ളവയുടെ വിൽപനയും ഉപഭോഗവുമാണ് നിരോധിച്ചിരിക്കുന്നത്.