ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരായി. ഡൽഹി റോസ് അവന്യു കോടതിയിലാണു കേജ്‌രിവാൾ ഹാജരായത്. നിയമസഭയിൽ ബജറ്റ് സമ്മേളനവും വിശ്വാസ വോട്ടെടുപ്പും നടക്കുന്നതിനാലാണു നേരിട്ട് ഹാജരാവാത്തതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അടുത്തദിവസം കേജ്‌രിവാൾ നേരിട്ടു ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മാർച്ച് 16 നു കേസ് വീണ്ടും പരിഗണിക്കുമെന്നു കോടതി അറിയിച്ചു.

അഞ്ചുതവണ സമൻസ് അയച്ചിട്ടും കേജ്‌രിവാൾ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇ.ഡിയാണു കോടതിയെ സമീപിച്ചത്. തുടർന്ന് ഫെബ്രുവരി 17 നു ഹാജരാകാൻ കേജ്‌രിവാളിനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതിനിടെ ഇ.ഡി വീണ്ടും കേജ്‌രിവാളിനു സമൻസ് അയച്ചിരുന്നു. അതേസമയം, കേജ്‌രിവാളിനെ അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം നിലനിൽക്കെ ഡൽഹി നിയമസഭയിൽ വിശ്വാസവോട്ടു തേടി കരുത്തുതെളിയിക്കാനുള്ള നാടകീയ നീക്കമാണ് അദ്ദേഹം നടത്തുന്നത്. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രമേയം ഇന്നലെ സഭയിൽ അവതരിപ്പിച്ചു. പ്രമേയത്തിൻ മേലുള്ള ചർച്ച ഇന്നു നടക്കും.