ചെന്നൈ: നിരോധിത സംഘടന എൽ.ടി.ടി.ഇയെ ശ്രീലങ്കയിലും ഇന്ത്യയിലും വീണ്ടും സജീവമാക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾക്കെതിരെകൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. തമിഴ് സിനിമ മേഖലയിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവായി പ്രവർത്തിക്കുന്ന ലിംഗം എ എന്ന ആദിലിംഗത്തെയാണ് 14ാം പ്രതിയാക്കിയത്.

മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവയുടെ അനധികൃത വ്യാപാരത്തിലൂടെ എൽ.ടി.ടി.ഇയെ വീണ്ടും സജീവമാക്കാൻ ശ്രമിച്ചെന്നാണ് കുറ്റം. അനധികൃത വ്യാപാരം വഴി ഹവാല പണം സമാഹരിക്കാൻ ഏജന്റായി ആദിലിംഗം നിലകൊണ്ടെന്ന് എൻ.ഐ.എ പറയുന്നു.

കഴിഞ്ഞ വർഷം ജൂണിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021ൽ 300 കിലോ ഹെറോയിൻ, അഞ്ച് എ.കെ-46 തോക്ക്, 1,000 റൗണ്ട് പാക് നിർമ്മിത വെടിക്കോപ്പ് എന്നിവ പിടിച്ചെടുത്തതിന് പിന്നാലെ കൊച്ചി എൻ.ഐ.എ വിഭാഗമാണ് കേസെടുത്തിരുന്നത്.