ന്യൂഡൽഹി: 'ഡൽഹി ചലോ' മാർച്ച് പ്രഖ്യാപിച്ച കർഷകരുടെ സമരമാരംഭിച്ചിട്ട് ഇന്ന് ആറു ദിവസം. സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമരക്കാരുമായി നാലാം വട്ട ചർച്ചയ്‌ക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. പഞ്ചാബിൽനിന്ന് പുറപ്പെട്ട സമരക്കാരെ ഹരിയാണ അതിർത്തിയിൽ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരുമായി ചർച്ചകൾ നടക്കുന്നതിനാൽ കർഷകർ ഇപ്പോൾ മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ്. നാലാംവട്ട ചർച്ചകൾ ചണ്ഡീഗഢിൽ ഞായറാഴ്ച വൈകീട്ട് നടക്കും.

നേരത്തേ മൂന്നുവട്ടം ചർച്ച നടന്നിരുന്നെങ്കിലും താങ്ങുവില സംബന്ധിച്ച തർക്കങ്ങളാൽ അലസിപ്പിരിഞ്ഞിരുന്നു. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു. സർക്കാർ വിചാരിച്ചാൽ ഒറ്റരാത്രികൊണ്ട് അതുചെയ്യാം. കാർഷികകടങ്ങൾ എഴുതിത്ത്തള്ളാം. ഞായറാഴ്ചത്തെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്ത് സർക്കാരിന്റെ കളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളെക്കാൾ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും സർക്കാർ പ്രാധാന്യം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാളും ആവശ്യപ്പെട്ടു.

പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ
ശനിയാഴ്ച മുസഫർനഗറിൽ വിളിച്ച കർഷക മഹാപഞ്ചായത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് ഡൽഹി ചലോ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാർഢ്യവുമായി 21-ന് ട്രാക്ടർ റാലി നടത്തും. അടുത്തയാഴ്ച ഗസ്സിപുർ അതിർത്തിയിലേക്ക് ട്രാക്ടർ റാലി നടത്തുമെന്നും എന്നാൽ, ഡൽഹിയിലേക്ക് കടക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു. സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും ടികായത്ത് വ്യക്തമാക്കി.

സമരത്തിന് ഐക്യദാർഢ്യവുമായി ശനിയാഴ്ച ഭാരതീയ കിസാൻ യൂണിയൻ ചരുണി വിഭാഗം ഹരിയാണയിൽ ട്രാക്ടർ റാലി നടത്തി. ഉഗ്രഹൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ മുതിർന്ന ബിജെപി. നേതാക്കളുടെ വീടിനുമുന്നിൽ ധർണ നടത്തി.