ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനെത്തിയ അതിഥികളെ തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകൾ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഹോട്ടലിന്റെ ഗാർഡനിൽ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതേ ഹോട്ടലിന്റെ മേൽക്കൂരയിലുണ്ടായിരുന്ന തേനീച്ചക്കൂട്ടിൽനിന്നാണ് ഇവ കൂട്ടമായി ആക്രമിക്കാനെത്തിയത്.

തേനീച്ചകൾ ആക്രമിക്കാനെത്തിയതോടെ അതിഥികൾ പരിഭ്രാന്തരായി ഓടി. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇവരിൽ ഗുരുതരമായി പരിക്കേറ്റ ചിലർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ മുൻകരുതലുകൾ ഹോട്ടൽ മാനേജ്മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ് നിലവിൽ അധികൃതർ.