അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പക്ഷിപ്പനി പടരുന്നതിൽ ആശങ്ക. ഈ മാസം ഏഴ് മുതലാണ് പക്ഷികൾക്ക് രോഗം ബാധിക്കാൻ തുടങ്ങിയത്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കോഴി ഫാമുകൾക്ക് നെല്ലൂർ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് മാസത്തേക്ക് കോഴിയിറച്ചി വിൽപ്പന നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ടാഴ്ചത്തേക്ക് കോഴികളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. തിരുപ്പതിയിൽ നിന്നെത്തിയ പക്ഷികളിൽ നിന്നാണ് കോഴികൾക്ക് വൈറസ് ബാധയുണ്ടായതെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നെല്ലൂരിലെ കോഴിഫാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗം മറ്റ് കോഴികൾക്ക് പടരാതിരിക്കാൻ രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുകയാണ്.