ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ മക്കൾ നീതി മയ്യം, തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുമായി സഖ്യം രൂപീകരിച്ചേക്കുമെന്ന് സൂചന. രണ്ടുദിവസത്തിനകം ശുഭവാർത്തയുമായി നിങ്ങളെ കാണുമെന്ന് ചെന്നൈയിൽ മാധ്യമങ്ങളോട് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. മികച്ച അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സഖ്യവുമായി ബന്ധപ്പെട്ട തീരുമാനം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും, അദ്ദേഹം പറഞ്ഞു.

മക്കൾ നീതി മയ്യം, തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുമായി സഖ്യത്തിൽ ഏർപ്പെട്ട് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചന. ഡി.എം.കെ., മക്കൾ നീതി മയ്യവുമായി സഖ്യം രൂപവത്കരിക്കുമെന്ന തരത്തിലുള്ള സൂചനകൾ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയിരുന്നു. മാത്രമല്ല, സനാതന ധർമ വിവാദത്തിൽ ഉദയനിധിക്ക് പ്രതിരോധവുമായി കമൽഹാസൻ രംഗത്തെത്തിയിരുന്നു.

2018-ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപവത്കരിച്ചത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിലും 2021 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ജനവിധി തേടിയെങ്കിലും പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.